ഹിന്ദുക്കൾക്ക്‌ ന്യൂനപക്ഷ പദവി : മലക്കം മറിയരുത് ; കേന്ദ്രത്തിന് രൂക്ഷവിമർശം



ന്യൂഡൽഹി ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾക്ക്‌ ന്യൂനപക്ഷ പദവി അനുവദിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ അടിക്കടി നിലപാട്‌ മാറ്റിയതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി. ന്യൂനപക്ഷ പദവി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാണ് അധികാരമെന്ന് മാർച്ച്‌ 25ലെ സത്യവാങ്മൂലത്തില്‍ കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ, ഈ മാസം ഒമ്പതിന്‌ സമർപ്പിച്ച പുതിയ സത്യവാങ്‌മൂലത്തിൽ ന്യൂനപക്ഷത്തെ തീരുമാനിച്ച്‌ വിജ്ഞാപനമിറക്കാന്‍ അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്‌തമാണെന്നായി നിലപാട്‌. ഇത്‌ ശരിയായ പ്രവണതയല്ലെന്ന്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന കേസായതിനാൽ സംസ്ഥാനങ്ങളുമായി ചർച്ചയ്‌ക്ക്‌ കൂടുതൽ സാവകാശം അനുവദിക്കണമെന്നും സർക്കാർ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ, ഈ നിലപാട്‌ ശരിയല്ലെന്ന്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗൾ വീണ്ടും വിമർശിച്ചു. "നിങ്ങൾ ആമയെപ്പോലെ മലക്കംമറിഞ്ഞിരിക്കുന്നു. കേന്ദ്ര സർക്കാരിന്‌ ഈ വിഷയത്തിൽ കൃത്യമായ നിലപാട്‌ സ്വീകരിക്കാൻ കഴിയുന്നില്ലെന്നാണ്‌ ഞങ്ങൾക്ക്‌ മനസ്സിലാകുന്നത്'-. സംസ്ഥാനങ്ങളുമായി ആവശ്യമായ ചർച്ച നടത്തി കേസ്‌ അടുത്തതായി പരിഗണിക്കുന്ന ആഗസ്‌ത്‌ 30നുള്ളിൽ കൃത്യമായ നിലപാട്‌ വ്യക്തമാക്കാൻ സർക്കാരിന്‌ കോടതി നിർദേശം നൽകി. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കളുടെ ജനസംഖ്യ കുറവായതിനാൽ അവർക്ക്‌ ന്യൂനപക്ഷ പദവി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ അശ്വിനി ഉപാധ്യായയാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ദേശീയ ന്യൂനപക്ഷ കമീഷൻ ആക്ട്‌ അനുസരിച്ച്‌ ന്യൂനപക്ഷങ്ങളെ വിജ്ഞാപനം ചെയ്യാനുള്ള കേന്ദ്രത്തിന്റെ അധികാരത്തെയും അശ്വിനി ഉപാധ്യായ ചോദ്യംചെയ്‌തിട്ടുണ്ട്‌.   Read on deshabhimani.com

Related News