താങ്ങുവില ഇല്ലെങ്കിൽ ഭക്ഷ്യസുരക്ഷ തകരും ; മുന്നറിയിപ്പ് നൽകി 
പ്രഭാത്‌ 
പട്‌നായിക്‌



ന്യൂഡൽഹി കേന്ദ്രസർക്കാർ കർഷകർക്ക്‌ മിനിമം താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ഭഷ്യസുരക്ഷ തകർന്നടിയുമെന്ന്‌ മുന്നറിയിപ്പുനൽകി വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രഭാത്‌ പട്‌നായിക്‌. താങ്ങുവിലയ്‌ക്ക്‌ നിയമപരിരക്ഷ നൽകൽ കർഷകരുടെ മാത്രമല്ല, രാജ്യത്തിന്റെകൂടി താൽപ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ അഞ്ചിന്‌ ഡൽഹിയിൽ ലക്ഷങ്ങൾ അണിനിരക്കുന്ന സംയുക്ത തൊഴിലാളി കർഷക മാർച്ചിനോടനുബന്ധിച്ച്‌ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വാഗതസംഘം ചെയർമാൻകൂടിയായ പട്‌നായിക്‌. താങ്ങുവില നൽകുന്നില്ലെങ്കിൽ കർഷകർ ഭക്ഷ്യവിളകളിൽനിന്ന്‌ പിന്മാറും. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ചപോലെ ഇത്‌ ഇന്ത്യയുടെയും ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു, അഖിലേന്ത്യ കിസാൻസഭ, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്‌ മാർച്ച്‌. 400 ജില്ലയിൽ സംയുക്ത കൺവൻഷൻ പൂർത്തിയാക്കിയെന്ന്‌ കിസാൻസഭാ വൈസ്‌ പ്രസിഡന്റ്‌ ഹന്നൻമൊള്ള പറഞ്ഞു. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. താങ്ങുവിലയ്‌ക്ക്‌ നിയമപരിരക്ഷ, ലേബർ കോഡുകളും വൈദ്യുതി ബില്ലും ഉപേക്ഷിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ധനികർക്ക്‌ അധികനികുതി ഏർപ്പെടുത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രക്ഷോഭം.   Read on deshabhimani.com

Related News