കുനൂരിൽ തകർന്നത്‌ സേനയുടെ വിശ്വസ്‌തൻ; എംഐ‐17വി 5



കൊച്ചി > കുനൂരിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുമായി തകർന്ന്‌ വീണത്‌ ഇന്ത്യൻ വ്യോമസേനയുടെ വിശ്വസ്തൻ എംഐ‐17വി5 ഹെലികോപ്‌റ്റർ. ലോകത്തിലെ ഏറ്റവും ആധുനികവും സുരക്ഷിതവും പ്രശസ്‌തവുമായ സൈനിക കാരിയർ ചോപ്പറുകളിൽ ഒന്നാണ്‌ എംഐ‐17വി 5. സുളൂർ വ്യോമത്താവളത്തിന്റെ ഭാഗമായ 109 ഹെലികോപ്‌റ്റർ യൂണിറ്റിന്റെ ഭാഗമായ കോപ്‌റ്ററാണ്‌ കുനൂരിൽ തകർന്ന്‌ വീണത്‌. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന എംഐ‐17വി 5 ന്റെ നിർമാതാക്കൾ മോസ്ക്കോ ഹെലിക്കോപ്പ്റ്റർ പ്ലാന്റാണ്‌. ആയുധങ്ങൾ ഘടിപ്പിച്ച് ലൈറ്റ് ഗൺഷിപ്പ് രൂപത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഇതിന്റെ നിരവധി വകഭേദങ്ങൾ നിലവിലുണ്ട്. ഏത് കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സുരക്ഷിതമായി ഇറങ്ങുന്നതിനും പറന്നുയരുന്നതിനും കഴിയുന്ന  എംഐ‐17വി 5 സൈനിക വിന്യാസത്തിനും ചരക്ക്‌ നീക്കത്തിനും തിരച്ചിലിനും നിരീക്ഷണത്തിനുമെല്ലാം ഉപയോഗിക്കാവുന്ന വിവിധോദ്ദേശ്യ സൈനിക ഹെലികോപ്റ്ററാണ്‌. ഇരട്ട എഞ്ചിനുകളുടെ കരുത്തിൽ കാശ്‌മീരിലെയും ഹിമാലയത്തിലെയും ഉൾപ്പെടെ ഏത് മോശം കാലാവസ്ഥകളിലും ഉപയോഗിക്കാനാകുന്ന ചോപ്പറുകൾക്കായി 2008ലാണ്‌ ഇന്ത്യൻ വ്യോമസേന റഷ്യയെ സമീപിക്കുന്നത്‌. 80 എംഐ‐17വി5 ഹെലികോപ്‌റ്ററുകൾക്കായി 1.3 ബില്ല്യൺ യുഎസ്‌ ഡോളറിന്റേതായിരുന്നു കരാർ. കരാർ പ്രകാരം ചോപ്പറുകളുടെ ആദ്യ ബാച്ച്‌ 2013ലും അവസാന ബാച്ച്‌ 2018ലുമാണ്‌ ഇന്ത്യയ്‌ക്ക്‌ കൈമാറിയത്‌. മണിക്കൂറിൽ 250 കിലോമീറ്റാണ്‌ പരമാവധി വേഗം. 1,180 കിലോ മീറ്റർ ദൂര പരിധിയിലും 6000 മീറ്റർ ഉയരത്തിലും പറക്കാനാകും. 13,000 കിലോഗ്രാമാണ്‌ വഹിക്കാവുന്ന പരമാവധി ഭാരം. 36 സൈനികരെ വഹിക്കാനാകും. എസ്‌‐8 റോക്കറ്റ്‌,23എംഎം മെഷിൻ ഗൺ, പികെറ്റി മെഷിൻ ഗൺ,എകെഎം സബ്‌മറൈൻ തോക്ക്‌,ശ്‌തൂം മിസൈലുകൾ എന്നിവ ഘടിപ്പിക്കാനാകും. 2014ലാണ്‌ വിവിഐപികളുടെ യാത്രകൾക്കായി എംഐ‐17വി5 ഉപയോഗിക്കുവാൻ ഇന്ത്യൻ വ്യോമസേന തീരുമാനിക്കുന്നത്‌. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക്‌ സഞ്ചരിക്കുന്നതിനായി ചോപ്പറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. അഞ്ചോളം കോപ്‌റ്ററുകളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. അതുവരെ വിവിഐപികളുടെ യാത്രകൾക്കായി ഉപയോഗിച്ചിരുന്നത്‌ ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ എഡബ്ല്യു 101 കോപ്‌റ്ററുകളായിരുന്നു. ഹെലികോപ്റ്ററുകളുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണം വീണ്ടും ചർച്ചയാകുന്നതോടെയാണ്‌ എഡബ്ല്യു 101 വിവിഐപി യാത്രകളിൽ നിന്നും ഒഴിവാക്കപ്പെടുന്നത്‌.    Read on deshabhimani.com

Related News