ദയാവധത്തിന് അനുമതി തേടി ജ്ഞാന്‍വാപി ഹര്‍ജിക്കാരി



ലഖ്‌നൗ വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ ആരാധന അനുവദിക്കണമെന്ന് ഹര്‍ജിനല്‍കിയവരില്‍ ഒരാളായ രാഖി സിങ് ദയാവധത്തിന് അനുമതിതേടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. കേസില്‍നിന്ന് പിന്മാറുകയാണെന്നും ഹര്‍ജി നൽകിയത് തെറ്റായെന്നും കഴിഞ്ഞദിവസം ഇവര്‍ പ്രഖ്യാപിച്ചിരുന്നു. തനിക്കൊപ്പം ഹര്‍ജി നല്‍കിയ മറ്റ് നാലുസ്ത്രീകളുടെ  മാനസിക പീഡനം കാരണമാണ്‌ ജീവിതം അവസാനിപ്പിക്കാന്‍  തുനിയുന്നതെന്നും അവര്‍ കത്തില്‍ പറഞ്ഞു. വെള്ളിയാഴ്ചവരെ രാഷ്ട്രപതിയുടെ  പ്രതികരണത്തിന് കാക്കുമെന്നും അതിനുശേഷം സ്വയം തീരുമാനമെടുക്കുമെന്നും രാഖി സിങ് പറയുന്നു. മസ്ജിദില്‍ വി​ഗ്രഹങ്ങളുണ്ടെന്നും അവയെ ആരാധിക്കണമെന്നും അവകാശപ്പെട്ട് കേസുനല്‍കിയവരില്‍ പ്രധാനിയായ ജിതേന്ദ്ര സിങ് വിസന്റെ അനന്തരവളാണ് രാഖി. ജ്ഞാന്‍വാപി കേസുകളിൽ നിന്നും താനും കുടുംബവും പിന്മാറുന്നതായി ജിതേന്ദ്ര സിങ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 2021ൽ ആണ് രാഖി സിങ്ങും മറ്റു നാലുപേരും ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇവര്‍ക്കിടയില്‍  പിന്നീട് അഭിപ്രായവ്യത്യാസമുണ്ടായി. ഈ ഹര്‍ജി റദ്ദാക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. Read on deshabhimani.com

Related News