അണയാതെ കലാപത്തീ ; മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം : ഒരു മരണംകൂടി



ഇംഫാൽ മണിപ്പുരിലെ ബിഷ്‌ണുപ്പുർ ജില്ലയിലുണ്ടായ രണ്ട്‌ വ്യത്യസ്‌ത അക്രമ സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട്‌ പേർക്ക്‌ പരിക്കേറ്റു. ബുധൻ പുലർച്ചെ ബിഷ്ണുപ്പുർ ജില്ലയിലെ ചില ഗ്രാമങ്ങളിൽ ആയുധധാരികളായ യുവാക്കളെത്തിയിരുന്നു. ഇവരുടെ വെടിയേറ്റാണ്‌ ഒരാൾ മരിച്ചത്‌. വെടിയേറ്റ യുവാവിനെ കൊണ്ടുപോയ ആശുപത്രിക്ക് സമീപവും സംഘർഷമുണ്ടായി.സർക്കാർ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് ബിഷ്ണുപ്പുർ ജില്ലയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം പൊതുമരാമത്ത് മന്ത്രിയുടെ വീട് തകർത്തു.  ചൊവ്വാഴ്‌ച ബിഷ്ണുപ്പുർ ജില്ലയിലെ ഫൗബക്ചാവോയിൽ അക്രമിസംഘം നാല് വീട്‌ കത്തിച്ചിരുന്നു. ഇതിന്‌ പ്രതികാരമായി ബുധനാഴ്‌ച എതിർസംഘം മൂന്ന്‌ വീട്‌ കത്തിച്ചു. അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് ബിഷ്ണുപ്പുർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യൂ ഇളവ് ജില്ലാ അധികൃതർ റദ്ദാക്കി. നേരത്തെ, കർഫ്യൂവിൽ രാവിലെ 5 മുതൽ വൈകിട്ട് 4 വരെ ഇളവ് നൽകിയിരുന്നു. ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതോടെ സംസ്ഥാനത്ത്‌ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്‌തു. ഇതിനിടയിലും അക്രമം തുടരുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 73 പേരാണ് കൊല്ലപ്പെട്ടത്. വന്‍ ആയുധശേഖരം പിടികൂടി സംഘർഷകലുഷിതമായ മണിപ്പുരിൽ ആയുധശേഖരം പിടികൂടി സൈന്യം. ചൊവ്വാഴ്‌ച രാത്രി വൈകി സേനാപതി ജില്ലയിലെ കാങ്ചുപ്‌ ചിങ്‌ഖോങ്‌ ജങ്‌ഷനിൽ വാഹനം തടഞ്ഞാണ്‌ തോക്കുകൾ, നാടൻ ബോംബുകൾ, തിരകൾ തുടങ്ങിയവ പിടികൂടിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്നുപേരെ അറസ്റ്റ്‌ ചെയ്‌തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യത്തിന്റെ സ്‌പിയർ കോർപ്‌സ്‌ വിഭാഗമാണ്‌ ആയുധങ്ങൾ പിടിച്ചെടുത്തത്‌. ചില മേഖലകളിൽ വീണ്ടും സംഘർഷമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ ആയുധം കടത്തിയതെന്ന കാര്യം അന്വേഷിക്കുന്നുണ്ട്‌.  സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കിഴക്കൻ സെെനിക കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ആർ പി കലിത മണിപ്പുരിലെത്തി. തിങ്കളാഴ്‌ച പുതിയ സംഘർഷങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ സുരക്ഷ കൂടുതൽ ശക്തമാക്കി. സിആർപിഎഫിന്റെ അഞ്ച്‌ കമ്പനികളെ (600 ജവാൻമാർ) കൂടുതലായി വിന്യസിച്ചു. മെയ്‌ത്തീ, കുക്കി വിഭാഗക്കാർ ഇടകലർന്ന്‌ കഴിയുന്ന മേഖലകളിൽ കൂടുതൽ ജവാൻമാരെ വിന്യസിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിൽ 1800 സിആർപിഎഫ്‌, അസം റൈഫിൾസ്‌ ജവാൻമാർ കൂടി മണിപ്പുരിലെത്തും. നിലവിൽ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും 10,000 ഉദ്യോഗസ്ഥരും സിആർപിഎഫിന്റെയും ബിഎസ്‌എഫിന്റെയും 7000 ഉദ്യോഗസ്ഥരും മണിപ്പുരിലുണ്ട്‌. അതേസമയം, സുരക്ഷ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ബിജെപി പിന്തുണയുള്ള മെയ്‌ത്തീ വിഭാഗക്കാരുടെ സംഘം ഡൽഹിയിൽ പ്രതിഷേധിച്ചു. ഡൽഹിയിൽ കേന്ദ്ര വിദേശ സഹമന്ത്രി രാജ്‌കുമാർ രഞ്‌ജൻസിങ്ങിന്റെ ആഭിമുഖ്യത്തിൽ മെയ്‌ത്തീ, കുക്കി പ്രതിനിധികൾ ചർച്ച നടത്തി.  മണിപ്പുരിൽനിന്നുള്ള എംപി കൂടിയായ രാജ്‌കുമാർ രഞ്‌ജൻസിങ്ങിന്‌ പുറമേ ഇരുവിഭാഗങ്ങളിൽനിന്നും 10 വീതം പ്രതിനിധികൾ ചർച്ചയിൽ പങ്കെ
ടുത്തു. Read on deshabhimani.com

Related News