മണിപ്പുർ കലാപം : 
മരണം 74 ആയി , ബീരേൻസിങ്‌ അമിത്‌ ഷായെ കണ്ടു



ന്യൂഡൽഹി മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി ഉയരുകയും പുതിയ സംഘർഷങ്ങൾ ഉണ്ടാകുകയുംചെയ്‌ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എൻ ബീരേൻസിങ്‌ ഡൽഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി. നാല്‌ സംസ്ഥാന മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. ബിജെപിക്കാരായ രണ്ട്‌ മന്ത്രിമാരടക്കം കുകി വിഭാഗത്തിൽപ്പെട്ട 10 എംഎൽഎമാർ മുഖ്യമന്ത്രിയിൽ അവിശ്വാസം പ്രകടിപ്പിച്ചതിനു പിന്നാലെയാണ്‌ സന്ദർശനം. ബിജെപി ദേശീയ നേതൃത്വം വിളിച്ചുവരുത്തിയതാണെന്ന്‌ റിപ്പോർട്ടുകളുണ്ട്‌. കലാപം ബീരേൻസിങ്‌ കൈകാര്യം ചെയ്‌ത രീതിയിൽ നേതൃത്വത്തിന്‌ അതൃപ്‌തിയുണ്ടെങ്കിലും മുഖ്യമന്ത്രിയെ ഉടൻ മാറ്റില്ലെന്ന്‌ മുതിർന്ന നേതാവ്‌ പറഞ്ഞു. മെയ്‌ത്തീകളും കുകികളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ മെയ്‌ത്തീകളുടെ പിന്തുണയുള്ള ബീരേൻസിങ്ങിനെ മാറ്റുന്നത്‌ ആശാസ്യമല്ലെന്ന്‌ നേതൃത്വം കരുതുന്നു. Read on deshabhimani.com

Related News