ത്രിപുര ബിജെപിയിൽ തമ്മിലടി രൂക്ഷം; സത്യപ്രതിജ്ഞ നേരത്തേയാക്കി



കൊൽക്കത്ത> തമ്മിലടി തടയാനാകാത്തതിനാലും എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്‌ ഭയന്നും ത്രിപുരയിൽ സത്യപ്രതിജ്ഞ നേരത്തേയാക്കി ബിജെപി. തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യാനിരുന്ന മണിക്ക് സാഹ ഞായറാഴ്‌ച തന്നെ അധികാരമേറ്റു. രാജ്‌ഭവനിലെ ചടങ്ങിൽ ഗവർണർ സത്യദിയോ നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തിട്ടില്ല.  മന്ത്രിസഭ എന്ന് വികസിപ്പിക്കുമെന്ന് പറയാൻ മുഖ്യമന്ത്രി തയാറായില്ല. സാഹയുടെ നിയമനത്തിൽ എതിർപ്പുള്ള ഭരണകക്ഷി എംഎൽഎമാർ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു. മുൻ മുഖ്യമന്ത്രി ബിപ്ലവ്‌ ദേബിന്റെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് മൂന്ന് എംഎൽഎമാർ ബിജെപി വിട്ടിരുന്നു.  ഭരണത്തിനെതിരായ ജനരോഷം ശക്തമായതിനാലും കൂടുതൽ എംഎൽഎമാർ പാർടി വിടുമെന്ന്‌ ഉറപ്പായതിനാലുമാണ്‌ കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയെ മാറ്റി മുഖം മിനുക്കാൻ തുനിഞ്ഞത്‌. എന്നാൽ, ഇത്‌ കൂട്ട അടിക്കാണ്‌ ഇടയാക്കിയത്‌. സംസ്ഥാനത്ത് പലയിടത്തും വിമതർ  സാഹയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. മുൻ കോൺഗ്രസുകാരനായ സാഹയ്‌ക്ക്‌ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനാകില്ലെന്ന്‌ വിമത വിഭാഗം എംഎൽഎമാർ പറഞ്ഞു. മുൻ മന്ത്രിമാരടക്കമുള്ളവരുടെ എതിർപ്പ്‌ ശക്തമായതിനാല്‍ പുതിയ മുഖ്യമന്ത്രിക്കും ഭരണം എളുപ്പമാകില്ല.   Read on deshabhimani.com

Related News