മഹാരാഷ്ട്ര നാടകം തുടരുന്നു; അങ്ങോട്ടും ഇങ്ങോട്ടും വിപ്പ്



ന്യൂഡൽഹി മഹാരാഷ്ട്രയിൽ ഞായറാഴ്‌ച സ്‌പീക്കർ തെരഞ്ഞെടുപ്പും തിങ്കളാഴ്‌ച വിശ്വാസവോട്ടും നടക്കാനിരിക്കെ ശിവസേനയുടെ ചീഫ്‌ വിപ്പ്‌ ആരാണെന്ന തർക്കം തുടരുന്നു. ചീഫ്‌വിപ്പ് സുനിൽ പ്രഭുവാണെന്ന്  ഉദ്ധവ്‌ താക്കറെ പക്ഷം ആവർത്തിക്കുമ്പോൾ ഭരത്‌ ഗോഗാവാലയാണെന്ന്‌ ഏക്‌നാഥ്‌ ഷിൻഡെ പക്ഷം അവകാശപ്പെടുന്നു. സ്‌പീക്കർ സ്ഥാനത്തേക്ക് ശിവസേനാ സ്ഥാനാർഥി രാജൻ സാൽവിക്ക്‌ വോട്ട്‌ ചെയ്യണമെന്ന് സുനിൽ പ്രഭു വിപ്പ്‌ പുറപ്പെടുവിച്ചു. ഷിൻഡെ ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെയും ഉൾപ്പെടുത്തിയാണ് ഈ വിപ്പ്‌. സമാനമായി, ഉദ്ധവ്‌ പക്ഷത്തെ എംഎൽഎരെയും ഉൾപ്പെടുത്തി ഷിൻഡെ പക്ഷവും വിപ്പ്‌ നൽകി. ബിജെപി സ്ഥാനാർഥി രാഹുൽ നാർവേക്കറിന്‌ വോട്ട്‌ ചെയ്യണമെന്നാണ് ഇത്. ഇതോടെ, ഒരു പാർടിക്ക്‌ രണ്ട്‌ വിപ്പുമാരുണ്ടാവുകയും ഇരുവരും വ്യത്യസ്ത നിർദേശം പുറപ്പെടുവിക്കുകയും ചെയ്യുന്ന അസാധാരണമായ സാഹചര്യമാണ് ഉണ്ടായത്. ഷിൻഡെ ഉൾപ്പെടെ 16 എംഎൽഎമാർക്ക്‌ എതിരെ ഡെപ്യൂട്ടി സ്‌പീക്കർ നേരത്തേ അയോഗ്യതാ നടപടി തുടങ്ങിയിട്ടുണ്ട്‌. ഇതിനെതിരെ ഷിൻഡെ പക്ഷം നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. എന്നാൽ, 39 എംഎൽഎമാരുടെ പിന്തുണയുള്ള തങ്ങളാണ്‌ യഥാർഥ ശിവസേനയെന്ന്‌ ഷിൻഡെ പക്ഷം അവകാശപ്പെടുന്നു.  ഉദ്ധവ്‌ താക്കറെ ഉൾപ്പെടെയുള്ള എംഎൽഎമാർക്ക്‌ എതിരെ അയോഗ്യതാ നടപടി സ്വീകരിക്കാനും അവര്‍ നീക്കം തുടങ്ങി. തിങ്കളാഴ്ചയാണ് ഷിന്‍ഡെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്.പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സ്‌പീക്കറുടെ തീരുമാനം  തെരഞ്ഞെടുപ്പ്‌ കമീഷനിലേക്കും കോടതികളിലേക്കും നീളുമെന്ന് ഉറപ്പാണ്.   Read on deshabhimani.com

Related News