പദവി ഒഴിയാന്‍ 
മഹാരാഷ്‌ട്ര ഗവർണർ



മുംബൈ മഹാസഖ്യ സര്‍ക്കാരുമായും പിന്നീട് പ്രതിപക്ഷവുമായും നിരന്തരം ഏറ്റുമുട്ടി വിവാദം സൃഷ്ടിച്ച മഹാരാഷ്‌ട്ര ഗവർണർ ഭഗത്‌സിങ്‌ കോഷിയാരി പദവി ഒഴിയുകയാണെന്ന്‌ പ്രഖ്യാപിച്ചു. സ്ഥാനം ഒഴിയുകയാണെന്ന്‌ ഗവർണർ  പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന്‌ രാജ്‌ഭവൻ പ്രസ്‌താവനയിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനവേളയിലാണ്‌ തീരുമാനം അറിയിച്ചത്‌. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പിനുമുമ്പ്‌ സ്ഥാനമൊഴിയാനാണ്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. വായനയിലും എഴുത്തിലും വ്യാപൃതനാകാനാണ്‌ തീരുമാനമെന്നും ഉത്തരാഖണ്ഡ്‌ മുൻ മുഖ്യമന്ത്രി കൂടിയായ കോഷിയാരി പറഞ്ഞു. ശിവാജിയെ കുറിച്ചുള്ള പ്രതികരണത്തിലടക്കം ഗവർണർക്കെതിരെ പ്രതിപക്ഷം വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോഷിയാരിയെ നീക്കണമെന്ന്‌ ആവശ്യം ശക്തമായിരിക്കെയാണ്‌ ഗവർണറുടെ രാജിപ്രഖ്യാപനം. 2019 നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ശിവസേന ബിജെപി സഖ്യം അവസാനിപ്പിച്ച ഘട്ടത്തിൽ നാടകീയമായി പുലർച്ചെ രാജ്‌ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടത്തി കോഷിയാരി വിവാദം സൃഷ്ടിച്ചു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രിയായും എൻസിപിയിൽനിന്ന്‌ വിഘടിച്ചെത്തിയ അജിത്‌ പവാർ ഉപമുഖ്യമന്ത്രിയായും മറ്റാരെയും അറിയിക്കാതെ സത്യപ്രതിജ്ഞ ചെയ്‌തു. ശിവസേന ഉദ്ധവ്‌ താക്കറെ പക്ഷത്തിനെതിരെ ഏക്‌നാഥ്‌ ഷിൻഡേയുടെ നേതൃത്വത്തിൽ ബിജെപി പിന്തുണയിലുണ്ടായ അട്ടിമറി നീക്കത്തിന്റെ ഘട്ടത്തിലും കോഷിയാരിയുടെ നിലപാടുകൾ വിമർശിക്കപ്പെട്ടു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ചട്ടുകമായാണ്‌ ഗവർണർ പ്രവർത്തിക്കുന്നതെന്ന്‌ വ്യാപകവിമര്‍ശമുയര്‍ന്നു. Read on deshabhimani.com

Related News