മുൾമുനയിൽ ഡൽഹി , ഇന്ന് വനിതാ മഹാപഞ്ചായത്ത്‌ ; 
പിന്നോട്ടില്ലെന്ന്‌ താരങ്ങൾ

ഡൽഹി ജന്തർ മന്തറിൽ ശനി രാത്രി നടത്തിയ വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരയുന്ന വിനേഷ്‌ ഫൊഗട്ട്‌. സാക്ഷി മാലിക് സമീപം ഫോട്ടോ: പി വി സുജിത്‌


ന്യൂഡൽഹി ഞായറാഴ്‌ച പുതിയ പാർലമെന്റ്‌ മന്ദിരം വളഞ്ഞ്‌ വനിതാ മഹാപഞ്ചായത്ത്‌ നടത്തുമെന്ന്‌ ഗുസ്‌തി താരങ്ങളും കർഷക സംഘടനകളും പ്രഖ്യാപിച്ചത്‌ കണക്കിലെടുത്ത്‌ ഡൽഹി അതിർത്തികൾ ശനി രാത്രി തന്നെ പൊലീസ്‌ അടച്ചു. വൻ പൊലീസ്‌ സംഘത്തെ തിക്രി, ഖാസിപ്പുർ, സിൻഘു അതിർത്തികളിൽ വിന്യസിച്ചു. കർശന വാഹന പരിശോധനയും ഏർപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെ അറസ്‌റ്റുചെയ്യണം എന്നാവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം. എന്തുവന്നാലും സമരത്തിൽനിന്ന്‌ പിന്നോട്ടില്ലന്ന്‌ വ്യക്തമാക്കിയ ഗുസ്‌തി താരങ്ങൾ പകൽ പന്ത്രണ്ടോടെ പാർലമെന്റ്‌ മന്ദിരം ലഷ്യമാക്കി മാർച്ച്‌ നടത്തുമെന്നും ആവർത്തിച്ചു. ട്രെയിനിലും ബസിലും സമരക്കാർ ഡൽഹിയിലേക്ക്‌ നീങ്ങിത്തുടങ്ങി. സമരവേദിക്കടുത്തുള്ള മെട്രോ സ്റ്റേഷനുകളും അടച്ചിടും. ന്യൂഡൽഹി ജില്ലയിൽ ത്രിതല സുരക്ഷയാണ്‌ ഏർപ്പെടുത്തിയത്‌. എല്ലാ പരാതിക്കാരുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയെന്ന്‌ ഡൽഹി പൊലീസ്‌ ശനിയാഴ്‌ച അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ ഹർജീത് സിങ്‌ ജസ്‌പാലിനെ അറിയിച്ചു. മുദ്രവച്ച കവറിലാണ്‌ തൽസ്ഥിതി റിപ്പോർട്ട്‌ കോടതിയിൽ നൽകിയത്‌. ഇതിന്റെ പകർപ്പ്‌ പരാതിക്കാർക്ക്‌ നൽകണമെന്ന്‌ വ്യക്തമാക്കിയ കോടതി കേസ്‌ ജൂൺ 27ലേക്ക്‌ മാറ്റി. ബ്രിജ്‌ ഭൂഷണെതിരെയുള്ള ആരോപണം ഗുരുതരമാണെന്നും പൊലീസ്‌ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ബിജെപി ചായ്‌വുള്ള ബാബ രാംദേവ്‌ സമരക്കാർക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ബ്രിജ്‌ഭൂഷണെ അറസ്‌റ്റ്‌ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പോക്‌സോ നിയമം ദുരുപയോഗിക്കുന്നെന്നും നിയമത്തിൽ ഭേദഗതി വരുത്താൻ സമ്മർദ്ദം ചെലുത്തുമെന്നും ബ്രിജ്‌ഭൂഷൺ യുപിയിൽ പ്രതികരിച്ചു. Read on deshabhimani.com

Related News