മഅ്‌ദനി ബംഗളൂരുവിൽ തുടരേണ്ട സാഹചര്യമുണ്ടോയെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി> ജാമ്യവ്യവസ്ഥകളിൽ ഇളവുതേടി പിഡിപി നേതാവ്‌ അബ്‌ദുൾനാസർ മഅ്‌ദനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി ഏപ്രിൽ 13ലേക്ക്‌ മാറ്റി. ബംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണനടപടികൾ പൂർത്തിയായെങ്കിൽ മഅ്‌ദനി ബംഗളൂരുവിൽ തന്നെ തുടരേണ്ട സാഹചര്യമുണ്ടോയെന്ന്‌ സുപ്രീംകോടതി കർണാടകസർക്കാരിനോട്‌ ചോദിച്ചു. ജാമ്യവ്യവസ്ഥകൾ അദ്ദേഹം ലംഘിച്ചിട്ടുണ്ടോയെന്നും  കോടതി ചോദിച്ചു. ഇതുവരെ ലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു കർണാടക സർക്കാരിന്‌ വേണ്ടി ഹാജരായ അഭിഭാഷകൻ മറുപടി നൽകി. ആരോഗ്യസാഹചര്യങ്ങൾ മോശമായതിനാൽ തുടർചികിത്സയ്‌ക്കും മറ്റും കേരളത്തിലേക്ക്‌ തിരിച്ചുപോകാൻ അനുവദിക്കണമെന്നാണ്‌ മഅ്‌ദനിയുടെ ഹർജി. വിചാരണനടപടികൾ ഏകദേശം പൂർത്തിയായെന്നും താൻ ഇനിയും ബംഗളൂരുവിൽ തുടരേണ്ട സാഹചര്യമില്ലെന്നും മഅ്‌ദനി ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, മഅ്‌ദനിയുടെ ജാമ്യവ്യവസ്ഥകളിൽ ഒരുകാരണവശാലും ഇളവ്‌ അനുവദിക്കരുതെന്ന്‌ കർണാടകസർക്കാർ ആവശ്യപ്പെട്ടു. നേരത്തെ, മഅദ്‌നിക്ക്‌ ജാമ്യം നൽകിയ സുപ്രീംകോടതി ബംഗളൂരു വിട്ടുപോകരുതെന്ന്‌ ഉപാധി വെച്ചിരുന്നു. കേസിന്റെ വിചാരണ പൂർത്തിയായോ, ജാമ്യവ്യവസ്ഥകളിൽ ലഘേനമുണ്ടായോ തുടങ്ങിയ കാര്യങ്ങളിൽ രേഖാമൂലം മറുപടി നൽകാൻ സുപ്രീംകോടതി കർണാടകസർക്കാരിനോട്‌ നിർദേശിച്ചു. Read on deshabhimani.com

Related News