ഡല്‍ഹിയില്‍ ലോ ഫ്ളോര്‍ ബസ് വാങ്ങിയതില്‍ അഴിമതി; സിബിഐ അന്വേഷിക്കും



ന്യൂഡൽഹി ഡൽഹി സർക്കാർ ആയിരം ലോഫ്ലോർ ബസ്‌ വാങ്ങാൻ നൽകിയ കരാറിലും സിബിഐ അന്വേഷണം ശുപാർശ ചെയ്‌ത്‌ ലഫ്‌.ഗവർണർ വി കെ സക്‌സേന. മദ്യനയത്തിൽ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയക്കെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്‌തതിനുപിന്നാലെയാണ്‌ പുതിയനീക്കം. കരാറിൽ അഴിമതിയുണ്ടെന്ന്‌ ആരോപിച്ച്‌ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ്‌ സിബിഐ അന്വേഷണത്തിനുള്ള ചീഫ്‌ സെക്രട്ടറിയുടെ ശുപാർശ ലഫ്‌.ഗവർണർ അംഗീകരിച്ചത്‌. ഡൽഹി സർക്കാരും ലഫ്‌.ഗവർണറുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെയാണ്‌ ഗതാഗത മന്ത്രി കൈലാഷ്‌ ഗെലോട്ടിനെ ലക്ഷ്യമിടുന്നത്‌. ഗെലോട്ട്‌ അധ്യക്ഷനായ ഡൽഹി ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ (ഡിടിസി) ബോർഡാണ്‌ കഴിഞ്ഞ വർഷം 1000 സിഎൻജി ബസ്‌ വാങ്ങാൻ നൽകിയ  കരാർ പിന്നീട്‌ റദ്ദാക്കിയിരുന്നു. കുറഞ്ഞ തുക ക്വോട്ട്‌ ചെയ്‌ത കമ്പനിയെ ഒഴിവാക്കിയാണ് കരാർ നൽകിയതെന്നും ഗതാഗത മന്ത്രിയെ കരാർ നൽകിയ സമിതിയുടെ ചെയർമാനായി നിയമിച്ചത്‌ അഴിമതിക്കുവേണ്ടിയാണെന്നും ബിജെപി ആരോപിച്ചിരുന്നു. ഡിടിസി ഡെപ്യൂട്ടി കമീഷണർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന്‌ ചീഫ്‌ സെക്രട്ടറി, ലഫ്‌. ഗവർണർക്ക്‌ റിപ്പോർട്ടു നൽകിയിരുന്നു. ആരോപണങ്ങൾ നിഷേധിച്ച എഎപി, കരാർ റദ്ദാക്കിയതാണെന്നും ഡൽഹിക്ക്‌ കുറേക്കൂടി വിവരമുള്ള ലഫ്‌. ഗവർണറെയാണ്‌ ആവശ്യമെന്നും പരിഹസിച്ചു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് സക്‌സേന അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന്‌ കഴിഞ്ഞ ദിവസം എഎപി ആരോപിച്ചിരുന്നു. Read on deshabhimani.com

Related News