എംപിമാരുടെ സസ്‌പെൻഷൻ : ഇരുസഭയിലും പ്രതിഷേധമിരമ്പി



ന്യൂഡൽഹി എംപിമാരുടെ സസ്‌പെൻഷൻ വിഷയം ഉന്നയിക്കാൻ ബുധനാഴ്‌ച രാജ്യസഭ ചേർന്നപ്പോൾ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ അനുമതി തേടി. സസ്‌പെൻഷൻ പിൻവലിക്കാനാകില്ലെന്ന നിലപാട്‌ വെങ്കയ്യ ആവർത്തിച്ചു. പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഇതോടെ 12 വരെ സഭ നിർത്തി. വീണ്ടും ചേർന്നപ്പോഴും മുദ്രാവാക്യം മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചു. പ്രതിഷേധ ദൃശ്യങ്ങൾ ചില എംപിമാർ മൊബൈലിൽ പകർത്തി. തുടർന്ന്‌ രണ്ടു വട്ടംകൂടി നടപടികൾ നിർത്തി. മൂന്നു മണിക്ക്‌ ചേർന്നപ്പോൾ ലോക്‌സഭ നേരത്തെ പാസാക്കിയ ഡാം സുരക്ഷാ ബിൽ അവതരിപ്പിക്കാൻ ജൽശക്തി മന്ത്രിയെ ഉപാധ്യക്ഷൻ ഹരിവംശ്‌ ക്ഷണിച്ചു. ബഹളത്തിനിടെ ബിൽ പാസാക്കാനായി പരിഗണിച്ചെങ്കിലും നടപടി മുന്നോട്ടു കൊണ്ടുപോകാനായില്ല. ഇതോടെ വ്യാഴാഴ്‌ച ചേരുന്നതിനായി സഭ പിരിഞ്ഞു. ലോക്‌സഭയിൽ ചോദ്യോത്തരവേളയ്‌ക്കിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 12 വരെ സഭ നിർത്തി.രണ്ടരയ്‌ക്ക്‌ ചേർന്നപ്പോൾ വൈദ്യസഹായത്തോടെയുള്ള ഗർഭധാരണത്തിന്‌ മാനദണ്ഡം നിശ്ചയിച്ചുള്ള ബിൽ പാസാക്കി. രാഷ്ട്രപതി ഒപ്പിട്ടു; കർഷകദ്രോഹ 
നിയമങ്ങൾ ചവറ്റുകുട്ടയിൽ മോദി സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന മൂന്ന്‌ കർഷകദ്രോഹ നിയമങ്ങൾ പിൻവലിച്ചുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഒപ്പുവച്ചു. ഇതോടെ 2020–-ലെ വർഷകാല സമ്മേളത്തിൽപാസാക്കിയ മൂന്ന്‌ കാർഷിക നിയമവും ഇല്ലാതായി. ഒരു വർഷത്തോളം പോരാട്ടം നടത്തിയ കർഷകരുടെ ഇച്ഛാശക്തിക്ക്‌ മുന്നിൽ മോദി സർക്കാരിന്റെ സമ്പൂര്‍ണ പരാജയം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ  സമരം ഒരു വർഷം പൂർത്തീകരിക്കാൻ ഒരാഴ്‌ച ശേഷിക്കെയാണ്‌ നിയമം പിൻവലിക്കുമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പിൻവലിക്കൽ ബില്‍ ചർച്ച കൂടാതെ പാസാക്കി കേന്ദ്രം തടിതപ്പി. മിനിമം താങ്ങുവിലനിയമപരമാക്കുന്നത്‌ ഉൾപ്പെടെ മറ്റുവിഷയങ്ങളിൽ കർഷകർ സമരം തുടരുകയാണ്‌. Read on deshabhimani.com

Related News