പ്രവാചകനിന്ദ: യുപിയിൽ പ്രതിഷേധിച്ചവർക്ക്‌ ലോക്കപ്പിൽ ക്രൂരമർദനം



ന്യൂഡൽഹി ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്‌ അറസ്റ്റിലായവർക്ക്‌ ലോക്കപ്പിൽ യുപി പൊലീസിന്റെ ക്രൂരമർദനം. പൊലീസ്‌ സ്‌റ്റേഷനിൽവച്ച്‌ ഒമ്പത്‌ യുവാക്കളെ വലിയ ദണ്ഡുപയോഗിച്ച്‌ പൊലീസുകാർ മാറി മാറി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വേദനകൊണ്ട്‌ നിലവിളിക്കുന്ന ഇവർ കൈകൂപ്പി യാചിച്ചിട്ടും വീണ്ടും മർദിക്കുന്നതും കാണാം. ‘കലാപകാരികൾക്കുള്ള സമ്മാനം’ എന്ന കുറിപ്പോടെ കസ്‌റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ ബിജെപി എംഎൽഎ ശലഭ്‌മണി ത്രിപാഠി ട്വിറ്ററിൽ പങ്കുവച്ചു. സഹാറൻപുരിലെ സ്‌റ്റേഷനിലാണ്‌ ക്രൂരപീഡനം അരങ്ങേറിയതെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. എട്ട്‌ ജില്ലയിൽനിന്നായി 304 പേരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സഹാറൻപുർ, പ്രയാഗ്‌രാജ്‌ എന്നിവിടങ്ങളിൽ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തുമെന്നും പൊലീസ്‌ പ്രഖ്യാപിച്ചു. പ്രയാഗരാജിൽനിന്ന്‌ 91 പേരെയും സഹാറൻപുരിൽനിന്ന്‌ 71 പേരെയും ഹാഥ്‌രസിൽനിന്ന്‌ 51 പേരെയും അറസ്‌റ്റ്‌ ചെയ്‌തു. മർദനത്തെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ്‌ അഖിലേഷ്‌ യാദവ്‌ കസ്‌റ്റഡി മരണങ്ങളിൽ ഒന്നാം സ്ഥാനത്താണ്‌ യുപി എന്നും ഓർമിപ്പിച്ചു. അതേസമയം, തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ വീട്‌ ബുൾഡോസർ ഉപയോഗിച്ച്‌ തകർത്തു. മുഖ്യസൂത്രധാരൻ എന്നാരോപിച്ച്‌ പ്രയാഗ്‌രാജിൽ ജാവേദ്‌ മുഹമ്മദ്‌ എന്നയാളുടെ വീടാണ്‌ കോർപറേഷൻ തകർത്തത്‌. പ്രതിയാക്കപ്പെടുന്നവരുടെ കുറ്റം തെളിയുംമുമ്പേ ആദിത്യനാഥ്‌ സർക്കാർ വീടും ജീവനോപാധിയും തകർക്കുന്നത്‌ തുടരുകയാണ്‌. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ വെള്ളിയാഴ്‌ചയ്‌ക്കുശേഷം ഒരു ശനിയാഴ്‌ച വരുമെന്ന പ്രകോപനപരമായ ട്വീറ്റ്‌ ബുൾഡോസറിന്റെ ചിത്രം സഹിതം പങ്കുവച്ചതും വിവാദമായി. Read on deshabhimani.com

Related News