അദാനി ഗ്രൂപ്പിൽ 36,475 കോടി 
നിക്ഷേപിച്ചെന്ന് എൽഐസി ; മൗനം തുടർന്ന്‌ മോദി, ആർബിഐ



ന്യൂഡൽഹി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി 36,474.78 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന്‌ എൽഐസി. ഓഹരികളിലും കടപത്രങ്ങളിലുമായി നിക്ഷേപിച്ചത്‌ 35,917.31 കോടി രൂപയാണ്‌. അദാനി ഓഹരികളിലെ നിക്ഷേപത്തിന്റെ നിലവിലെ വിപണിമൂല്യം 56,142 കോടി രൂപയാണെന്നും വിശദീകരണക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ വന്നതിനുശേഷവും അദാനി എന്റർപ്രൈസസിൽ 300 കോടി രൂപകൂടി നിക്ഷേപിച്ചത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ എൽഐസി വിശദീകരിച്ചിട്ടില്ല. അദാനി ഗ്രൂപ്പ്‌ കമ്പനികളിൽ നിക്ഷേപകർക്കുള്ള വിശ്വാസം നിലനിർത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ സമ്മർദത്തെതുടർന്നാണ്‌ എൽഐസിയുടെ നടപടിയെന്ന വിമർശം ശക്തമാണ്. എൽഐസിക്കു പുറമെ പൊതുമേഖലയിലെ മുൻനിര ബാങ്കായ എസ്‌ബിഐയും അദാനി എന്റർപ്രൈസസസിൽ 225 കോടി രൂപയുടെ നിക്ഷേപിച്ചു. എൽഐസിയുടെ ആകെ ഓഹരി നിക്ഷേപത്തിന്റെ ഒരു ശതമാനം മാത്രമാണ്‌ അദാനി ഗ്രൂപ്പിലുള്ളത്. അദാനി ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിലായി കുത്തനെ ഇടിഞ്ഞതോടെ ഓഹരിമൂല്യത്തില്‍ 20,000 കോടിയോളം രൂപയാണ്‌ എൽഐസിക്ക്‌ നഷ്ടമായത്. മൗനം തുടർന്ന്‌ മോദി, ആർബിഐ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തബന്ധം പുലർത്തുന്ന ഗൗതം അദാനി ഓഹരി വിപണിയിൽ വലിയ തട്ടിപ്പ്‌ നടത്തിയെന്ന്‌ വെളിപ്പെടുത്തിയിട്ടും മൗനം തുടർന്ന്‌ കേന്ദ്ര സർക്കാരും റിസർവ്‌ ബാങ്കും ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയും. അദാനി കമ്പനികൾ ഓഹരി വിപണിയിൽ വലിയ തട്ടിപ്പ്‌ നടത്തിയ വിഷയത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ടെന്നതിന്‌ തെളിവാണ്‌ ആർബിഐയുടെയും സെബിയുടെയും നിശ്ശബ്‌ദത. മൂന്ന്‌ ദിവസംകൊണ്ട്‌ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിനുണ്ടായത്‌ 6.7 ലക്ഷം കോടി രൂപയാണ്‌. 2014ൽ മോദി അധികാരമേറ്റശേഷം അദാനിയുടെ സ്വത്ത്‌ 22 മടങ്ങ്‌ വർധിച്ചത് മോദി–- അദാനി സഖ്യത്തിൽ നിക്ഷേപകർക്കുള്ള വിശ്വാസത്താലാണ്‌. പാർലമെന്റ്‌ സമ്മേളനത്തിൽ ആദ്യദിനംതന്നെ വിഷയം ഉയർത്തുമെന്ന നിലപാടിലാണ്‌ പ്രതിപക്ഷ പാർടികൾ. അദാനി ഓഹരികളില്‍‌ 
ഇടിവ്‌ തുടരുന്നു മൂന്നാം ദിവസവും തകർച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ വിപണി മൂല്യത്തിൽ അഞ്ചര ലക്ഷം കോടി രൂപയുടെ നഷ്ടം. സൂചികകൾ നില മെച്ചപ്പെടുത്തിയെങ്കിലും ഹിൻഡൻബർ​ഗ് റിസർച്ച് റിപ്പോർട്ടിന്റെ ആഘാതത്തിൽനിന്ന്‌ അദാനിക്ക്‌ കരകയറാനായില്ല. അദാനി ടോട്ടൽ ​ഗ്യാസ്, അദാനി ​ഗ്രീൻ എനർജി ഓഹരികൾ 20 ശതമാനം ഇടിഞ്ഞു. ടോട്ടൽ ​ഗ്യാസ് ഓഹരി ഒന്നിന് 585.60 രൂപ നഷ്ടപ്പെട്ട് 2342.40 രൂപയിലേക്കും ​ഗ്രീൻ എനർജി 297.25 രൂപ നഷ്ടത്തിൽ 1189ലേക്കും താഴ്ന്നു. അദാനി ട്രാൻസ്മിഷൻ 14.91 ശതമാനവും അദാനി പവർ അഞ്ച് ശതമാനവും നഷ്ടം നേരിട്ടു. എന്നാൽ അംബുജ സിമന്റ് 1.65 ശതമാനവും എസിസി 1.10 ശതമാനവും നേട്ടമുണ്ടാക്കി. ഇതേസമയം ഓഹ​രിവിപണി രണ്ടുദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന്‌ പൊതുവിൽ നില മെച്ചപ്പെടുത്തി. വ്യാപാര ആഴ്ചയിലെ ആദ്യദിവസം കടുത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 0.29 ശതമാനവും നിഫ്റ്റി 0.25 ശതമാനവും ഉയർന്നു. സെൻസെക്സ് 169.51 പോയിന്റ് നേട്ടത്തിൽ 59500.41ലും നിഫ്റ്റി 44.70 പോയിന്റ് നേട്ടത്തിൽ 17649ലും വ്യാപാരം അവസാനിപ്പിച്ചു.    ബജാജ് ഫിനാൻസാണ് ബിഎസ്ഇയിൽ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് (4.61 ശതമാനം). അൾട്രാടെക് സിമന്റ് 2.51 ശതമാനവും ബജാജ് ഫിൻസെർവ് 2.22 ശതമാനവും മുന്നേറി. എച്ച്സിഎൽ ടെക് (1.85), എൻടിപിസി (1.53), ഇൻഫോസിസ് (1.37), വിപ്രോ (1.11), റിലയൻസ് (0.58) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ചില പ്രധാന ഓഹരികൾ. Read on deshabhimani.com

Related News