അദാനിയെ രക്ഷിക്കാന്‍ എല്‍ഐസിയുടെ 300 കോടി



ന്യൂഡൽഹി> ‌‌ഓഹരിവില പെരുപ്പിച്ചുകാട്ടി ‌അദാനി ​ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്ന് ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ വെളിപ്പെടുത്തിയതിനു പിന്നാലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൽഐസി അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചത് 300 കോടി രൂപ. 20,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട്‌ അദാനി ഗ്രൂപ്പ്‌  വെള്ളിയാഴ്ച തുടക്കമിട്ട തുടർഓഹരി വിൽപ്പനയിലാണ്‌ (എഫ്‌പിഒ) എൽഐസി 300 കോടി മുടക്കിയത്‌. തകർച്ചയുടെ വക്കിൽനിൽക്കുന്ന അദാനിയെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ്‌ എൽഐസി ജനങ്ങളുടെ പണമെടുത്ത്‌ നൽകിയതെന്ന്‌ കരുതുന്നു. വിവിധ അദാനി ഗ്രൂപ്പുകളിലായി എൽഐസിക്ക്‌ ആകെ 72,193 കോടി രൂപ നിക്ഷേപമുണ്ട്‌. ഹിൻഡൻബർഗ്‌ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രണ്ടുദിവസത്തിനിടെ അദാനി​ഗ്രൂപ്പിന്റെ ഓഹരിമൂല്യം നാലുലക്ഷം കോടിയിലേറെ ഇടിഞ്ഞപ്പോള്‍ രാജ്യത്തെ പാവപ്പെട്ടവരുടെ നട്ടെല്ലായ എല്‍ഐസിക്കുണ്ടായത് 16,500 കോടി രൂപയുടെ നഷ്ടം. ഇതോടെ അദാനി ​ഗ്രൂപ്പിലെ എൽഐസി നിക്ഷേപത്തിന്റെ മൂല്യം 55,565 കോടിയിലേക്ക്‌ ചുരുങ്ങി. വിപണിയില്‍ ഇത്തരത്തില്‍ ഭീമമായ നഷ്ടം നേരിടവെയാണ് അതേദിവസം 300 കോടികൂടി എൽഐസി നിക്ഷേപിച്ചത്‌.  ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പുറത്തുവന്നതോടെ  കേന്ദ്ര സർക്കാരും ബിജെപി നേതൃത്വവും പരിഭ്രമത്തിലാണ്‌. അദാനി ഗ്രൂപ്പിനെ പരമാവധി സംരക്ഷിച്ച്‌ നിർത്താനുള്ള നീക്കമാണ് ഉന്നതതലത്തിൽ നടക്കുന്നത്. ഓഹരി വിപണി രണ്ടുദിവസമായി ആടിയുലഞ്ഞിട്ടും അദാനിയുടെ ഇടപെടലുകളെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിക്കാൻ വിപണി നിയന്ത്രിക്കുന്ന സെബി തയ്യാറായിട്ടില്ല. ആർബിഐയും കേന്ദ്രസർക്കാരും മൗനത്തിലാണ്‌. മോദി സർക്കാർ 2014ൽ അധികാരത്തിൽ എത്തിയശേഷം എൽഐസി, എസ്‌ബിഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പണം വലിയതോതിൽ അദാനി ഗ്രൂപ്പിലേക്ക്‌ വഴിതിരിച്ചുവിട്ടു. ഗൗതം അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾക്കായി രാജ്യത്തെ ബാങ്കുകൾ വായ്‌പ നൽകിയിട്ടുള്ളത്‌ 81,234.7 കോടി രൂപ. ഇതിൽ 60,000 കോടിയോളം രൂപ എസ്‌ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെ വായ്‌പയാണ്‌. അദാനി ഗ്രൂപ്പിന്‌ തകർച്ച സംഭവിച്ചാൽ രാജ്യത്തെ വമ്പൻ പൊതുമേഖലാ സ്ഥാപനങ്ങൾകൂടി അപകടത്തിലാകുന്ന സ്ഥിതിയുണ്ട്‌. Read on deshabhimani.com

Related News