താജ്‌‌മഹലിന്റെ ചരിത്രം മാറ്റാൻ നോക്കേണ്ട: സുപ്രീംകോടതി



ന്യൂഡൽഹി> താജ്‌മഹലിന്റെ ചരിത്രം അതുപോലെ തന്നെ തുടരട്ടേയെന്ന്‌ സുപ്രീംകോടതി. താജ്‌‌മഹലിന്റെ യഥാർഥ കാലപ്പഴക്കം നിർണയിക്കണമെന്നും ചരിത്രപുസ്‌തകങ്ങളിൽ നിന്നും തെറ്റായ വസ്‌തുതകൾ നീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയാണ്‌ ജസ്‌റ്റിസ്‌ എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. എന്തടിസ്ഥാനത്തിലാണ്‌ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച്‌ പൊതുതാൽപര്യഹർജികൾ സമർപ്പിക്കുന്നതെന്ന്‌ ജസ്‌റ്റിസ്‌ സി ടി രവികുമാർ കൂടി അംഗമായ ബെഞ്ച്‌ ചോദിച്ചു. ‘ചരിത്രം തിരുത്തിയെഴുതലും ചരിത്രത്തിലെ ശരിതെറ്റുകൾ നിർണയിക്കലും കോടതികളുടെ ജോലിയല്ല. ചരിത്ര വസ്‌തുതകൾ തീരുമാനിക്കാൻ നിങ്ങൾ ആരാണ്‌?  താജ്‌മഹലിന്റെ യഥാർഥ വയസ്‌ കണ്ടെത്തണമെന്നാണ്‌ ഹർജിക്കാരന്റെ ആവശ്യം. സത്യം പറഞ്ഞാൽ, എനിക്ക്‌ എന്റെ വയസ്‌ കൃത്യമായി അറിയില്ല. താജ്‌മഹലിന്റെ ചരിത്രം അതുപോലെ തുടരട്ടേ’– ജസ്‌റ്റിസ്‌ എം ആർ ഷാ നിരീക്ഷിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. താജ്‌മഹലിനെ കുറിച്ചുള്ള തെറ്റായ വസ്‌തുതകൾ നീക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ സുർജിത്‌സിങ്ങ്‌ യാദവാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. രണ്ട്‌ മാസം മുമ്പും സമാനമായ ആവശ്യം ഉന്നയിച്ചുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. Read on deshabhimani.com

Related News