ലക്ഷദ്വീപ്‌ മുൻ എം പിക്ക് അയോഗ്യത: ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും



ന്യൂഡൽഹി > വധശ്രമകേസിലെ ശിക്ഷ കേരളാഹൈക്കോടതി മരവിപ്പിച്ചിട്ടും തന്നെ അയോഗ്യനാക്കിയ നടപടി  പിൻവലിക്കാത്തതിന്‌ എതിരെ ലക്ഷദ്വീപ്‌ മുൻ എംപി നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്‌ച്ച പരിഗണിക്കും. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിട്ടും ലോക്‌സഭാസെക്രട്ടറിയറ്റ്‌ തന്നെ അയോഗ്യനാക്കിയ നടപടി പിൻവലിക്കാത്തതിന്‌ എതിരെയാണ്‌ മുൻ എംപി മുഹമദ്‌ ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്‌. തിങ്കളാഴ്‌ച്ച ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ മുമ്പാകെ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌സിങ്ങ്‌വി വിഷയം ഉന്നയിച്ചു. ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന്‌ എതിരെ ലക്ഷദ്വീപ്‌ അധികൃതർ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിൽ, തന്നെ എംപി സ്ഥാനത്ത്‌ നിന്നും അയോഗ്യനാക്കിയ നടപടി അടിയന്തിരമായി പിൻവലിക്കാൻ നിർദേശിക്കണമെന്നും സിങ്ങ്‌വി ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ച്ച തന്നെ വിഷയം പരിഗണിക്കാമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ പ്രതികരിച്ചു. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽഗാന്ധിയെയും ലോക്‌സഭാ സെക്രട്ടറിയറ്റ്‌ അയോഗ്യനാക്കിയിരുന്നു. കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ അദ്ദേഹം അപ്പീൽ നൽകാനുള്ള നീക്കത്തിലാണ്‌. ഈ സാഹചര്യത്തിൽ, മുഹമദ്‌ഫൈസലിന്റെ കാര്യത്തിൽ അനുകൂല ഉത്തരവുണ്ടായാൽ അത്‌ രാഹുലിന്റെ കേസിലും സഹായകമാകുമെന്നാണ്‌ കോൺഗ്രസിന്റെ കണക്കുകൂട്ടൽ. Read on deshabhimani.com

Related News