ലഖിംപുർ കൂട്ടക്കുരുതി: കര്‍ഷകരെ കലാപകാരികളാക്കി യുപി പൊലീസ്



ലഖ്‌നൗ > ലഖിംപുർ ഖേരിയിൽ കര്‍ഷകരെ കാറുകയറ്റികൊന്ന കേന്ദ്രമന്ത്രിയുടെ മകന്റെ ഭാഷ്യം അതേപടിവിഴുങ്ങി യുപി പൊലീസിന്റെ രണ്ടാം എഫ്ഐആര്‍. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ കർഷകർ കൊല്ലപ്പെട്ടതും കേന്ദ്രമന്ത്രി പുത്രന്റെ പങ്കാളിത്തവും രണ്ടാമത്തെ പ്രഥമാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭകരുടെ ഇടയിൽനിന്നുള്ള ‘മോശം ആളുകൾ’ ബിജെപിക്കാരെ ആക്രമിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കർഷകരെ ഇടിച്ചിട്ടുകൊന്ന വാഹനത്തിൽ മന്ത്രിപുത്രൻ ആശിഷ്‌ മിശ്രയുണ്ടായിരുന്നെന്നും രേഖപ്പെടുത്തിയിട്ടില്ല. പേരറിയാത്ത ‘കലാപകാരികൾ’ ക്കെതിരെ കൊലപാതകം, ആയുധങ്ങൾകൊണ്ട്‌ പരിക്കേൽപ്പിക്കൽ എന്നീ കുറ്റം ചുമത്തി. സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട ബിജെപി പ്രവർത്തകൻ സുമിത്‌ ജയ്‌സ്‌വാൾ നൽകിയ പരാതിയിലാണ് ടിക്കോണിയ പൊലീസിന്റെ എഫ്‌ഐആർ. ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യയെ സ്വീകരിക്കാൻ പോകുന്നതിനിടെ ആക്രമിക്കപ്പെട്ടെന്നും രണ്ട്‌ ബിജെപിക്കാരും ഒരു ഡ്രൈവറും മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടെന്നുമാണ്‌ പരാതി.  മാധ്യമപ്രവർത്തകൻ രാമൻ കശ്യപിനെ ബിജെപിക്കാരാണ്‌ കൊന്നതെന്ന്‌ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതൊന്നും പരി​ഗണിക്കാതെ പ രാതിക്കാരുടെ ആരോപണം അതേപടി എഫ്ഐആറില്‍ പകര്‍ത്തിവച്ചിരിക്കുകയാണ് പൊലീസ്. ഹിന്ദു, സിഖ് ഏറ്റുമുട്ടലാക്കാന്‍ ശ്രമം: വരുണ്‍​ ഗാന്ധി ന്യൂഡല്‍ഹി > ലഖിംപുര്‍ സംഭവം ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ അപകടകരമായ ശ്രമം നടക്കുന്നതായി വെളിപ്പെടുത്തി ബിജെപി എംപി വരുണ്‍​ഗാന്ധി. കേന്ദ്രമന്ത്രിയുടെ പുത്രന്റെ പങ്ക് വെളിപ്പെടുത്തി സംഭവത്തിന്റെ വീഡിയോ വരുണ്‍​ ഗാന്ധി നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതിയില്‍നിന്ന്‌ വരുണ്‍​ ഗാന്ധിയും അമ്മ മനേക ​ഗാന്ധിയും ഒഴിവാക്കപ്പെട്ടു. ഇതോടെയാണ് കൂടുതല്‍ ​ഗുരുതര വെളിപ്പെടുത്തല്‍ വരുണ്‍ നടത്തിയത്. സംഭവത്തില്‍ രാഷ്ട്രീയതാൽപ്പര്യങ്ങള്‍ക്കുവേണ്ടി പഴയമുറിവുകള്‍ വീണ്ടും കുത്തിപ്പൊട്ടിക്കാനാണ് ശ്രമം. അധികാര ​ഗര്‍വ് തലയ്ക്കുപിടിച്ചവര്‍ നടത്തിയ നിഷ്ഠുരമായ കൂട്ടക്കൊലയില്‍ പങ്കുള്ളവരെ പുറത്തുകൊണ്ടുവരികയാണ് വേണ്ടത്. സംഭവത്തിന് മതവുമായി ബന്ധമില്ല. രാജ്യത്തിന്റെ ഐക്യത്തിനാണ് പ്രാധാന്യം വേണ്ടതെന്നും വരുണ്‍​ ​ഗാന്ധി ദേശീയ മാധ്യമത്തോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ് മുബൈ > ലഖിംപുരിലെ കർഷക കൂട്ടക്കൊലയ്ക്കു ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനവ്യാപക ബന്ദ് പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ഭരണമുന്നണി. ശിവസേന, എൻസിപി, കോൺ​ഗ്രസ് ഉൾപ്പെട്ട മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ)യാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സർക്കാരിന് ബന്ദ് ആഹ്വാനവുമായി ബന്ധമില്ലെന്നും രാഷ്ട്രീയ മുന്നണിയാണ് ആഹ്വാനം ചെയ്തതെന്നും സർക്കാർ വിശദീകരിച്ചു. കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബന്ദ് വിജയിപ്പിക്കാൻ എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക് അഭ്യർഥിച്ചു. Read on deshabhimani.com

Related News