ആളിക്കത്തി കര്‍ഷകരോഷം: രാജ്യമാകെ പ്രക്ഷോഭം; യുപിയില്‍ യെച്ചൂരിയുടെ നേതൃത്വത്തില്‍ പ്രതിഷേധം



ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതില്‍ രാജ്യമാകെ പ്രതിഷേധം ആളിപ്പടരുന്നു. യുപിയില്‍ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി ഹിരാലാല്‍ യാദവ് എന്നിവര്‍ നേതൃത്വം നല്‍കി. ഡല്‍ഹി യുപി ഭവനുമുന്‍പില്‍ സമരം ചെയ്ത കിസാന്‍സഭ, ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സമരത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദ്ദിച്ചു. വലിച്ചിഴച്ചുകൊണ്ടുപോയി വാനിലേക്ക് കയറ്റുന്നതിനിടെ പൊലീസ് കൃഷ്ണപ്രസാദിന്റെ വയറില്‍ ഇടിച്ചു. ബംഗളൂരുവിലും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലും കിസാന്‍സഭ സമരം സംഘടിപ്പിച്ചു.   ഹരിയാനയിലും ജാര്‍ഘണ്ഡിലും പഞ്ചാബിലും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു.     സമരങ്ങളില്‍ പങ്കെടുത്ത നിരവധിപേര്‍ അറസ്റ്റ് വരിച്ചു. പല സ്ഥലങ്ങളിലും പൊലീസ് അതിക്രമത്തെ പ്രതിഷേധക്കാര്‍ നേരിടേണ്ടിവന്നു. Read on deshabhimani.com

Related News