കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന കേസ് ; യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ താക്കീത്



ന്യൂഡൽഹി കര്‍ഷകരെ വണ്ടികയറ്റികൊന്ന കേസ് അനന്തമായി നീട്ടികൊണ്ടുപോകാനാണ് ഉദ്ദേശമെങ്കില്‍ നടക്കില്ലെന്ന് ഉത്തർപ്രദേശ്‌ പൊലീസിന് ശക്തമായ താക്കീത് നല്‍കി സുപ്രീംകോടതി. അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. 44 സാക്ഷികളിൽ മൊഴിരേഖപ്പെടുത്തിയത് നാലുപേരുടെ മാത്രം. പത്ത്‌ പ്രതികളിൽ ആറുപേരെ കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല. ‘നിങ്ങൾതന്നെ അന്വേഷണം വൈകിപ്പിക്കുകയാണെന്ന പ്രതീതിയുണ്ട്‌. അത്‌ മാറ്റാൻ വേണ്ടത്‌ ചെയ്യണം’–- ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ യുപി സർക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി.സർക്കാർ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കാൻ വൈകിയതിൽ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ‘ഇപ്പോൾമാത്രമാണ്‌ തൽസ്ഥിതി റിപ്പോർട്ട്‌ കോടതിക്ക്‌ കിട്ടിയത്‌. കഴിഞ്ഞദിവസം രാത്രി ഒരുമണിവരെ കാത്തു. ഒരു വിവരവും കിട്ടിയില്ല. റിപ്പോർട്ട്‌ മുദ്രവച്ച കവറിൽ തരണമെന്ന്‌ കോടതി ആവശ്യപ്പെട്ടിട്ടില്ല’–- ചീഫ്‌ ജസ്റ്റിസ്‌ നിരീക്ഷിച്ചു. എന്തുകൊണ്ട്‌ ആറു പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയില്ല, സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ എന്തുകൊണ്ട്‌ വൈകുന്നു തുടങ്ങി  കോടതിയുടെ ചോദ്യങ്ങൾക്ക്‌ യുപി സർക്കാരിന്‌ കൃത്യമായ വിശദീകരണം ഉണ്ടായിരുന്നില്ല. ദസറയ്‌ക്ക്‌ കോടതി അവധിയായതിനാൽ മൊഴി രേഖപ്പെടുത്താനായില്ലെന്ന്‌ സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ്‌ സാൽവേ വാദിച്ചു. എന്നാൽ, ക്രിമിനൽ കോടതികൾ ദസറയ്‌ക്ക്‌ അവധിയായിരിക്കില്ലെന്ന്‌ ജസ്റ്റിസ്‌ ഹിമാ കോഹ്‌ലി ചൂണ്ടിക്കാട്ടി. പൊലീസ്‌ കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്ന തിരക്കിലാണെന്ന്‌ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഗരിമാപ്രസാദ്‌ പറഞ്ഞു. ജുഡീഷ്യൽ മജിസ്‌ട്രേട്ടു മുമ്പാകെ സാക്ഷിമൊഴി രേഖപ്പെടുത്തുന്നത്‌ അതിനേക്കാൾ പ്രധാനമാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ തിരിച്ചടിച്ചു. ‘എത്രയുംവേഗം മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കണം. സാക്ഷികൾക്ക്‌ മൊഴി നൽകാൻ ഭയമുണ്ടെങ്കിൽ സംരക്ഷണം ഒരുക്കണം’–- ചീഫ്‌ ജസ്റ്റിസ്‌ നിർദേശിച്ചു. 26ന്‌ കേസ്‌ വീണ്ടും പരിഗണിക്കും. Read on deshabhimani.com

Related News