ലഖിംപുർ ഖേരി കർഷക കൊലപാതകം: ആശിഷ്‌‌മിശ്രയ്‌ക്ക്‌ ജാമ്യമില്ല



ന്യൂഡൽഹി> ലഖിംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ആശിഷ്‌മിശ്രയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. നേരത്തെ, അലഹബാദ്‌ ഹൈക്കോടതിയുടെ ലഖ്‌നൗബെഞ്ച്‌ ആശിഷ്‌മിശ്രയ്‌ക്ക്‌ അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേതുടർന്ന്‌, ആശിഷ്‌മിശ്ര സമർപ്പിച്ച പുതിയ ജാമ്യാപേക്ഷയാണ്‌ ഹൈക്കോടതി തള്ളിയത്‌. അധികാരവും സ്വാധീനവുമുള്ള ആശിഷ്‌മിശ്രയ്‌ക്ക്‌ ജാമ്യം അനുവദിച്ചാൽ വിചാരണയെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്രയുടെ മകനാണ്‌ ആശിഷ്‌. കഴിഞ്ഞവർഷം ഒക്ടോബറിൽ സമാധാനപൂർവ്വം പ്രതിഷേധിച്ച കർഷകർക്ക്‌ ഇടയിലേക്ക്‌ വാഹനം ഇടിച്ചുകയറ്റി നാലുകർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. ജാമ്യാപേക്ഷ തള്ളിയുള്ള വിധിന്യായത്തിൽ ഹൈക്കോടതി മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചു. വിചാരണനടപടികളിൽ ഇടപെടരുതെന്നും തെറ്റിദ്ധാരണജനകമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും കോടതി നിരീക്ഷിച്ചു. മെയ്‌ ഒമ്പതിന്‌ കേസിലെ മറ്റ്‌ പ്രതികളായ ലവ്‌കുശ്‌, അങ്കിത്ദാസ്‌, സുമിത്‌ജയ്‌സ്വാൾ, ശിശുപാൽ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയിരുന്നു. ക്രൂരവും മനുഷ്യത്വരഹിതവുമായ രീതിയിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർ ജാമ്യം അർഹിക്കുന്നില്ലെന്നും ജാമ്യാപേക്ഷകൾ തള്ളി ഹൈക്കോടതി നിരീക്ഷിച്ചു. Read on deshabhimani.com

Related News