ജെല്ലിക്കെട്ടിന്‌ അനുമതി നിഷേധിച്ചു: തമിഴ്‌നാട്ടിൽ കൃഷ്‌ണഗിരിയിൽ പ്രതിഷേധം; സ്വിഫ്‌റ്റ്‌ ബസിന്‌ കല്ലേറ്

twitter.com/arunrengg/status


കൃഷ്‌ണഗിരി (തമിഴ്‌നാട്‌)> ജെല്ലിക്കെട്ടിന്‌ അനുമതി നിഷേധിച്ചതിൽ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽ വൻ പ്രതിഷേധം. റോഡ്‌ ഉപരോധിച്ച നാട്ടുകാർ വാഹനങ്ങൾ ആക്രമിച്ചു. കല്ലേറിൽ കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർന്നു. കർണാടക അതിർത്തിയിൽ ഹൊസൂരിനുസമീപമുള്ള കൃഷ്‌ണഗിരി ഗോബസന്ദിരം ഗ്രാമവാസികൾ ജെല്ലിക്കെട്ടിന്‌ അനുമതി തേടി ജില്ലാ ഭരണകേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ അനുമതി നൽകിയില്ല. പിന്നാലെ പ്രദേശത്ത്‌ വൻ പ്രതിഷേധമുയർന്നു. വ്യാഴം രാവിലെ ആറുമുതൽ ചെന്നൈ– ബംഗളൂരു റോഡ്‌ ഉപരോധിച്ച നാട്ടുകാർ വാഹനങ്ങൾ തടഞ്ഞിട്ടു. തുടർന്നാണ്‌ വാഹനങ്ങൾ ആക്രമിച്ചത്‌. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ഗജരാജ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിനു നേരെയും കല്ലേറുണ്ടായി.  കല്ലേറിൽ ബസിന്റെ ഗ്ലാസുകൾ തകർന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളിൽ നിലത്ത് കിടന്നാണ് യാത്രക്കാർ കല്ലേറിൽനിന്ന് രക്ഷപ്പെട്ടത്. പിന്നീട് പൊലീസെത്തിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ടിയർ ഗ്യാസ്‌ പ്രയോഗിച്ചു. യാത്രക്കാരെ ബംഗളൂരു അതിർത്തിയായ അത്തിബലെയിൽ എത്തിച്ച് മറ്റു ബസുകളിൽ കയറ്റിവിട്ടു. ബസിന്റെ വ്യാഴാഴ്‌ച തിരുവനന്തപുരത്തേക്കുള്ള സർവീസ് റദ്ദാക്കിയതായി കെഎസ്ആർടിസി അറിയിച്ചു. അതേസമയം ജെല്ലിക്കെട്ടിന്‌ പിന്നീട്‌ കലക്ടർ അനുമതി നൽകി. Read on deshabhimani.com

Related News