വന്യജീവി ആക്രമണം : വേണ്ടത്‌ ശാശ്വത പരിഹാരം : കിസാൻസഭ



ന്യൂഡൽഹി വന്യജീവി ആക്രമണം തടയാനുള്ള നടപടികൾ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന്‌ അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു. വയനാട്ടിൽ കടുവയുടെ ആക്രമണത്തെ തുടർന്ന്‌ മരിച്ച കർഷകന്റെ കുടുംബത്തിന്‌ എൽഡിഎഫ്‌ സർക്കാർ 10 ലക്ഷംരൂപ താൽക്കാലിക നഷ്ടപരിഹാരം അനുവദിച്ചു. കുടുംബത്തിൽ ഒരാൾക്ക്‌ ജോലിയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. വനവും വന്യജീവികളും കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലായതിനാൽ ഒരു കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാനും കുടുംബത്തിൽ ഒരാൾക്ക്‌ ജോലി നൽകാനും കേന്ദ്രം തയ്യാറാകണം.  വന്യജീവി ആക്രമണങ്ങൾക്ക്‌ ശാശ്വത പരിഹാരം ആവശ്യമാണ്‌. ഇത്തരം പ്രദേശങ്ങളിൽ നാല്‌ മീറ്റർ ഉയരത്തിൽ വയർമെഷ്‌ വേലി തീർക്കണം. ഒരു കിലോമീറ്ററിൽ വേലി സ്ഥാപിക്കാൻ 45 ലക്ഷം രൂപയാണ്‌ മുതൽമുടക്ക്‌. ഇതിനുള്ള നിർമാണച്ചെലവ്‌ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കണ്ടെത്താനാകും. വേലിക്കൊപ്പം ട്രെഞ്ചുകൾ കുഴിച്ച്‌ ഇരട്ടസംരക്ഷണം ഉറപ്പാക്കാനും കേന്ദ്രം തയാറാകണം. വനമേഖലയ്‌ക്കുള്ളിലെ തോട്ടങ്ങൾ കുറയ്‌ക്കാനും സ്വാഭാവിക വനസസ്യങ്ങൾ വളരാൻ അനുവദിച്ച്‌ വന്യജീവികൾക്ക്‌ ഭക്ഷണം ഉറപ്പാക്കാനുമാകണം. സംസ്ഥാന ഘടകങ്ങളും വനമേഖലയോട്‌ ചേർന്നുള്ള കിസാൻസഭ യൂണിറ്റുകളും ഈ ആവശ്യമുയർത്തി വ്യാപക പ്രചാരണം സംഘടിപ്പിക്കണമെന്നും പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News