ക്ഷീരോൽപ്പന്നങ്ങൾക്ക്‌ ജിഎസ്‌ടി ശുപാർശ പിൻവലിക്കണം: കിസാൻസഭ



ന്യൂഡൽഹി തൈര്‌, മോര്‌, ലസി തുടങ്ങിയ ക്ഷീരോൽപ്പന്നങ്ങൾക്ക്‌ അഞ്ചു ശതമാനം ജിഎസ്‌ടി ചുമത്താനുള്ള ജിഎസ്‌ടി കൗൺസിൽ ശുപാർശ പിൻവലിക്കണമെന്ന്‌ അഖിലേന്ത്യാ കിസാൻസഭ. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികൾക്കും കറവ ഉപകരണങ്ങൾക്കും ജിഎസ്‌ടി 12 ശതമാനത്തിൽനിന്ന്‌ പതിനെട്ടാക്കി ഉയർത്തണമെന്നും ശുപാർശയുണ്ട്‌. ക്ഷീരമേഖലയെ ആശ്രയിച്ച്‌ ഉപജീവിക്കുന്ന ഒമ്പതു കോടിയിലധികം കുടുംബങ്ങളെയും ലക്ഷക്കണക്കിന്‌ ഉപയോക്താക്കളെയും പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. സഹകരണസംഘങ്ങളും ചെറുകിട കർഷകരും പ്രതിസന്ധിയിലാകും. രാജ്യത്തെ  ഭൂരിപക്ഷവും ആവശ്യമായ പോഷകങ്ങൾക്ക്‌ ആശ്രയിക്കുന്നത്‌ ക്ഷീരോൽപ്പന്നങ്ങളെയാണ്‌. വിലക്കയറ്റം കാരണം പൊറുതിമുട്ടിയ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നടപടി.  രാജ്യമുടനീളം ക്ഷീരകർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും കിസാൻസഭ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News