കര്‍ഷകരുടെ ട്രാക്ടര്‍റാലി : തീരുമാനിക്കേണ്ടത്‌ പൊലീസെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി കാർഷികനിയമങ്ങൾക്ക്‌ എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്‌ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത്‌ പ്രവേശനം നൽകണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കേണ്ടത്‌ ഡൽഹി പൊലീസാണെന്ന്‌ സുപ്രീംകോടതി. ഡൽഹിയിലേക്ക്‌ ആര്‌ പ്രവേശിക്കണം, പ്രവേശിക്കണ്ട എന്നത്‌ ക്രമസമാധാനപ്രശ്‌നമാണ്‌. അതിൽ തീരുമാനമെടുക്കേണ്ടത്‌ കോടതിയല്ല; പൊലീസാണ്. നിയമപ്രകാരമുള്ള എല്ലാ അധികാരവും നിങ്ങൾക്ക്‌ ഉപയോഗിക്കാം ‌–- ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിരീക്ഷിച്ചു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർറാലിക്ക്‌ വിലക്കേർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രസർക്കാരാണ്‌ ഡൽഹിപൊലീസ്‌ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്‌. കോടതി  ഉത്തരവ്‌  അധികൃതർക്ക്‌ ‌ കൂടുതൽ ബലം പകരുമെന്ന്‌ അറ്റോർണിജനറൽ കെ കെ വേണുഗോപാൽ വാദിച്ചു.  "ഞങ്ങൾ ഉത്തരവിട്ടിട്ട്‌ വേണോ സർക്കാരിന്‌ നിയമപ്രകാരമുള്ള അധികാരം ഉപയോഗിക്കാ'നെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ചോദിച്ചു. കർഷകപ്രക്ഷോഭം മാത്രമാണ്‌ കോടതിയുടെ പരിഗണനയിലുള്ളതെന്നും അതിൽത്തന്നെ കോടതി ഇടപെടൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു. കർഷകപ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് സുപ്രീംകോടതി വിദഗ്‌ധസമിതിയെ നിയോ​ഗിച്ചത് വ്യാപകവിമർശം ഉയർത്തി. ചീഫ്‌ജസ്‌റ്റിസിന്റെ ബെഞ്ചിൽ സാധാരണ ഉണ്ടാകാറുള്ള ജസ്‌റ്റിസുമാരായ എ എസ്‌ ബൊപ്പണ്ണയും വി രാമസുബ്രഹ്മണ്യനും തിങ്കളാഴ്‌ച ഉണ്ടായിരുന്നില്ല.  പകരം, ജസ്‌റ്റിസുമാരായ എൽ നാഗേശ്വരറാവു, വിനീത്‌ശരൺ എന്നിവരായിരുന്നു ബെഞ്ചില്‍. മുമ്പ്‌  വാദംകേട്ട ബെഞ്ച്‌ തന്നെ ചൊവ്വാഴ്‌ച ഹർജി പരിഗണിക്കുമെന്ന്‌ കോടതി അറിയിച്ചു. Read on deshabhimani.com

Related News