ഗുരുവിന്റെ നിശ്‌ചലദൃശ്യം: സന്ദേശമില്ലെന്ന്‌ കേന്ദ്രം



ന്യൂഡൽഹി റിപ്പബ്ലിക്ക്‌ദിന പരേഡിനായി കേരളം ഒരുക്കിയ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉൾപ്പെടുന്ന നിശ്‌ചലദൃശ്യത്തിൽ സന്ദേശമില്ലെന്ന്‌ കേന്ദ്ര സർക്കാർ. കേരളം, ബംഗാൾ, തമിഴ്‌നാട്‌, ഒഡിഷ സംസ്ഥാനങ്ങളുടെ നിശ്‌ചലദൃശ്യം ഒഴിവാക്കിയതിൽ വിമർശമുയർന്നിരുന്നു. ഇതിനെ ന്യായീകരിക്കുന്നതിനായി ചില മാധ്യമങ്ങളിലൂടെ പ്രതിരോധ മന്ത്രാലയമാണ്‌ വിശദീകരണം പുറത്തുവിട്ടത്‌. ലോകം ആരാധിക്കുന്ന ഗുരുവിനെ അപമാനിക്കുന്നതാണ്‌ ഈ വിശദീകരണം. നിശ്‌ചലദൃശ്യത്തിന്റെ ‘നിറ’മില്ലായ്‌മയാണ്‌ കേന്ദ്രം കാണുന്ന മറ്റൊരു പോരായ്‌മ. മങ്ങിയ ചാരനിറമായതിനാൽ ആകർഷകമല്ല. പരേഡ്‌ നടക്കുന്ന രാജ്‌പഥിൽ ഇത്‌ എടുത്തുനിൽക്കില്ല. ജഡായുപ്പാറയുടെ കലാരൂപം ആനുപാതികമല്ല. നിശ്‌ചലദൃശ്യം മുന്നോട്ടുവയ്‌ക്കുന്ന ടൂറിസം@75 എന്ന വിഷയം ആകർഷകമല്ല എന്നിങ്ങനെയാണ് വാദം. ശ്രീനാരായണ ഗുരുവിന്‌ പകരം ആദിശങ്കരന്റെ പ്രതിമ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതിനെക്കുറിച്ച്‌ കേന്ദ്രം മൗനം പാലിക്കുന്നു. ഗുരുവിനെ മാറ്റില്ലെന്ന്‌ കേരളം അറിയിച്ചതോടെയാണ്‌ നിശ്‌ചലദൃശ്യം ഒഴിവാക്കിയത്‌. നിശ്ചലദൃശ്യത്തിന് അനുമതി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയിട്ടുണ്ടെങ്കിലും തീരുമാനം മാറ്റില്ലെന്ന വാശിയിലാണ്‌ പ്രതിരോധ മന്ത്രാലയം. എട്ട്‌ ബിജെപി–- എൻഡിഎ ഭരണ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമ്മു–-കശ്‌മീരും അടക്കം 12 സംസ്ഥാനങ്ങളുടെ നിശ്‌ചലദൃശ്യങ്ങളാണ്‌ പരേഡിലുള്ളത്‌.   Read on deshabhimani.com

Related News