കേരളം ഏപ്രില്‍ ആറിന് വിധിയെഴുതും; ഫലപ്രഖ്യാപനം മെയ് 2ന്



ന്യൂഡല്‍ഹി > കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ  തീയതികള്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍  സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏപ്രില്‍ 6നാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അന്ന് തന്നെ നടക്കും. മെയ് 2നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന് പുറത്തിറങ്ങും. മാര്‍ച്ച് 12 മുതല്‍ 19വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. തമിഴ്‌‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പമാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഒന്നാംഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27നും രണ്ടാംഘട്ടം ഏപ്രില്‍ 1നും മൂന്നാംഘട്ടം ഏപ്രില്‍ 6നു നടക്കും. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27നാണ് ആദ്യഘട്ട വോട്ടെടുപ്പ്. അഞ്ച് സ്ഥലങ്ങളിലേക്കായി 18.86 കോടി വോട്ടര്‍മാരാണ് ആകെ വിധിയെഴുതുക. 824 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ദീപക് മിശ്ര ഐപിഎസിനെ കേരളത്തില്‍ പൊലീസ് നിരീക്ഷകനായി നിയമിച്ചു. പുഷ്‌പേന്ദ്ര സിങ് പൂനിയയെ പ്രത്യേക നിരീക്ഷകനായും നിയമിച്ചു. കേരളത്തില്‍ 21498ല്‍ നിന്ന് 40771 ആയി പോളിങ് സ്‌റ്റേഷനുകള്‍ വര്‍ധിച്ചു. പോളിങ് സമയം ഒരുമണിക്കൂര്‍ വര്‍ധിപ്പിക്കും. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും വോട്ടെടുപ്പ്. കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിനും അവസരം നല്‍കും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. വീടുകയറിയുള്ള പ്രചരണത്തിന് അഞ്ചുപേരെ മാത്രമേ അനുവദിക്കൂ. പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം 2 പേര്‍ മാത്രമേ പാടുള്ളൂ. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. പ്രചരണ പരിപാടികളില്‍ ഒരേസമയം അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ അനുവദിക്കില്ല. Read on deshabhimani.com

Related News