കേദാര്‍നാഥ് കേസ് : സുപ്രീംകോടതി ഉത്തരവ്‌ പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്ന്‌ കേന്ദ്രസർക്കാർ



ന്യൂഡൽഹി രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത ശരിവച്ച കേദാർനാഥ്‌സിങ് കേസിലെ (1962) സുപ്രീംകോടതി ഉത്തരവ്‌ പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്ന്‌ കേന്ദ്രസർക്കാർ. എല്ലാവശങ്ങളും പരിഗണിച്ചുള്ള മികച്ച ഉത്തരവാണ്‌ അഞ്ചംഗഭരണഘടനാബെഞ്ച്‌ പുറപ്പെടുവിച്ചത്‌. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്ത ഒറ്റപ്പെട്ട സംഭവങ്ങളുടെപേരിൽ നിയമം എടുത്തുകളയുന്നത്‌ ശരിയായ പ്രവണതയല്ലെന്നും സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത അവകാശപ്പെട്ടു. കേദാർനാഥ്‌സിങ് കേസിലെ ഉത്തരവ്‌ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടണോയെന്നതിൽ ചൊവ്വാഴ്‌ച കോടതി വിശദവാദം കേൾക്കാനിരിക്കെയാണ്‌ കേന്ദ്രസർക്കാർ നിലപാട്‌ വ്യക്തമാക്കി സത്യവാങ്‌മൂലം സമർപ്പിച്ചത്‌. കേദാർനാഥ്‌സിങ്ങിലെ വിധി സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ പുറപ്പെടുവിച്ചതാണെന്നും അത്‌ ഇപ്പോൾ കേസ്‌ പരിഗണിക്കുന്ന മൂന്നംഗബെഞ്ചിനും ബാധകമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. ഭരണഘടനയുടെ 14,19,21 അനുച്ഛേദങ്ങളെ നിയമം പ്രതികൂലമായി ബാധിക്കുന്നുണ്ടോയെന്ന വസ്‌തുത ഉൾപ്പെടെയുള്ള സുപ്രധാനവിഷയങ്ങൾ അന്നത്തെ ഭരണഘടനാബെഞ്ച്‌ സൂക്ഷ്‌മമായി പരിശോധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ വശങ്ങൾ മൂന്നംഗ ബെഞ്ച്‌ വീണ്ടും പരിഗണിക്കേണ്ടതില്ല. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതിയുണ്ടെങ്കിലും ഓരോ കേസിലും അതിന്റെ സാഹചര്യം പരിഗണിച്ച്‌ കോടതികൾക്ക്‌ ഉചിതമായ തീരുമാനങ്ങളിൽ എത്താമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.ഈ കേസിൽ നിയമസഹായത്തിനായി കോടതി ചുമതലപ്പെടുത്തിയ അറ്റോണി ജനറൽ കെ കെ വേണുഗോപാലും സമാനമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. എന്നാൽ, നിയമത്തിന്റെ ദുരുപയോഗം തടയാൻ മാർഗനിർദേശം പുറപ്പെടുവിക്കാമെന്ന ശുപാർശ അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. രാജ്യദ്രോഹം കുറ്റകരമാക്കുന്ന ഐപിസി 124 എ വകുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്‌ത്‌ നിരവധി സാമൂഹ്യസംഘടനകളും മാധ്യമപ്രവർത്തകരും രാഷ്ട്രീയനേതാക്കളും നൽകിയ ഹർജികളാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ പരിഗണിക്കുന്നത്‌.   Read on deshabhimani.com

Related News