കഠ്‌വ: പ്രതികളെ രക്ഷിക്കാനിറങ്ങിയത‌് ബിജെപി മന്ത്രിമാർ



ന്യൂഡൽഹി > കഠ‌്‌വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ‌്ത‌് കൊലപ്പെടുത്തിയ കുറ്റവാളികളെ രക്ഷിക്കാൻ രംഗത്തിറങ്ങിയത‌് ബിജെപി. രാജ്യത്താകെ പ്രതിഷേധം അലയടിക്കവെ ബിജെപി മന്ത്രിമാരായ വനംമന്ത്രി ചൗധരി ലാൽസിങ്, വാണിജ്യമന്ത്രി ചന്ദ്രപ്രകാശ് ഗംഗ എന്നിവരുടെ  നേതൃത്വത്തിൽ കൊലപാതകികളെ പിന്തുണച്ച‌് ജമ്മുവിൽ പ്രതിഷേധവും അക്രമവും നടന്നു. എട്ടു പ്രതികളുടെയും കുടുംബത്തെ മന്ത്രിമാർ  സന്ദർശിച്ചു. ഇവരുടെ നേതൃത്വത്തിൽ പ്രതിഷേധറാലിയും റോഡ‌് ഉപരോധവും സംഘടിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ പിഡിപി–-ബിജെപി മന്ത്രിസഭയിൽനിന്ന‌് ഇരുവർക്കും രാജിവയ‌്ക്കേണ്ടിവന്നു. രാജിവച്ചശേഷം നിരോധനാജ്ഞ ലംഘിച്ച‌് റോഡ‌് ഷോ നടത്തി. ദേശീയപതാക ഉപയോഗിച്ചാണ‌് പ്രതിഷേധ പരിപാടി നടത്തിയത‌്. പശ്ചാത്താപമില്ലെന്നും  രാജിവയ്ക്കേണ്ട സാഹചര്യം മാധ്യമങ്ങൾ ഉണ്ടാക്കിയതാണെന്നുമാണ‌് ചൗധരി ലാൽസിങ് പറഞ്ഞത‌്. പൊലീസുകാരൻ ഉൾപ്പെടെ പ്രതിയായ കേസിൽ അന്വേഷണം കൈക്കൂലി വാങ്ങി വഴിതെറ്റിക്കുകയാണ‌് പൊലീസ‌് ചെയ‌്തത‌്. കേസ‌് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത‌് വലിയ പ്രതിഷേധങ്ങളെ തുടർന്നാണ‌്. അന്വേഷണം പ്രതികളിലേക്ക‌് എത്തിയതോടെ പ്രതികളുടെ അഭിഭാഷകനായ അസീം സ്വോനിയെ അഡീഷണൽ അഡ്വക്കറ്റ് ജനറലായി ഗവർണർ നിയമിച്ചു. പിഡിപി–ബിജെപി സഖ്യമന്ത്രിസഭ തകർന്നതിനു പിന്നാലെയാണ‌ിതുണ്ടായത‌്. പെൺകുട്ടിയുടെ സംസ്കാരച്ചടങ്ങിനിടെ സംഘപരിവാറുകാർ സ്ഥലം വളഞ്ഞ‌് ഭീഷണി മുഴക്കിയതിനാൽ പത്ത‌് കിലോമീറ്റർ മാറിയാണ‌് ചടങ്ങ‌് നടത്താനായത‌്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനെത്തിയ പൊലീസിനെതിരെ അഭിഭാഷകരുടെ നേതൃത്വത്തിൽ സംഘർഷശ്രമവും ഉണ്ടായി. ഹിന്ദുയുവതികൾ എന്ന ബാനറിൽ നിരാഹാരസമരവും ഹൈവേ ഉപരോധവും നടത്തി. Read on deshabhimani.com

Related News