കശ്മീർ ഫയൽസ് വിവാദം : നിലപാടിൽ ഉറച്ച് നദവ് ലാപിഡ്



ന്യൂഡല്‍ഹി ​ഗോവന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച "കശ്മീർ ഫയൽസ്’പ്രചരണ സിനിമയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഐഎഫ്എഫ്‌ഐ അന്താരാഷ്ട്ര ജൂറി തലവനായ ഇസ്രയേലി സംവിധായകൻ നദവ് ലാപിഡ്. മേളയുടെ സമാപനവേദിയില്‍‌ സിനിമയെക്കുറിച്ചുള്ള ജൂറിയുടെ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ ഉയരുന്ന വിമര്‍ശത്തെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. "സിനിമാവേഷമണിഞ്ഞ് എത്തുന്ന പ്രചാരണങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് നന്നായി അറിയാം. മോശം സിനിമകൾ നിർമിക്കുന്നത്  കുറ്റമല്ല. എന്നാൽ വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ അപരിഷ്കൃതവും കൃത്രിമവും അക്രമാസക്തവുമാണ്’–- ഇസ്രയേൽ പത്രമായ ഹാരെറ്റ്സിന് നൽകിയ അഭിമുഖത്തിൽ ലാപിഡ് പറഞ്ഞു. സിനിമാമേളയുടെ മത്സരവിഭാ​ഗത്തില്‍ ഇടംപിടിച്ചത് ഞെട്ടിപ്പിച്ചെന്നും സിനിമ വെറും പ്രചാരണ സിനിമ മാത്രമാണെന്നും ലാപിഡ് തുറന്നടിച്ചത് സിനിമയ്ക്കുവേണ്ടി അരയും തലയും മുറുക്കി രം​ഗത്തെത്തിയ കേന്ദ്ര സര്‍ക്കാരിന് വന്‍ നാണക്കേടുണ്ടാക്കിയിരുന്നു. ലാപിഡിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്. Read on deshabhimani.com

Related News