കർണാടകയിൽ ക്ലാസ്‌ മുറികളിൽ കാവി ‘പെയിന്റടി’: തീരുമാനവുമായി ബിജെപി സർക്കാർ

twitter.com/CMofKarnataka


ബംഗളൂരു> കർണാടകയിൽ സ്‌‌കൂളുകൾക്ക്‌ കാവിനിറം നൽകാൻ തീരുമാനിച്ച്‌ ബിജെപി സർക്കാർ. വിവേകാനന്ദന്റെ പേരിൽ നിർമിക്കുന്ന  ക്ലാസ്‌ മുറികൾക്കാണ്‌ കാവിനിറം നൽകാൻ തീരുമാനിച്ചത്‌. പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്‌കൂളുകളിൽ 8000 ക്ലാസ് മുറി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്‌. ശിശുദിനത്തോടനുബന്ധിച്ച്  ബംഗളൂരുവിൽനിന്ന് 600 കിലോമീറ്റർ അകലെയുള്ള കൽബുർഗി ജില്ലയിൽ പദ്ധതി ആരംഭിച്ചു.   വിദ്യാഭ്യാസ സമ്പ്രദായം കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ പുതിയ നീക്കവും. വിവേകാനന്ദൻ ധരിച്ചത്‌ കാവിവസ്‌ത്രമായതുകൊണ്ടാണ്‌ അതേ നിറം ക്ലാസ്‌ റൂമുകൾക്കും നൽകുന്നതെന്നാണ്‌ ബിജെപിയുടെ വാദം. മാസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് വിദ്യാഭ്യാസ സമ്പ്രദായത്തെ കാവിവൽക്കരിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ജൂണിൽ പ്രമുഖ എഴുത്തുകാരുടെ അധ്യായങ്ങൾ ഒഴിവാക്കി പാഠപുസ്തകങ്ങളിൽ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തിയിരുന്നു. വിമർശനങ്ങൾ ഉയർന്നിട്ടും ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള പാഠം സർക്കാർ നീക്കംചെയ്യില്ലെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ വ്യക്തമാക്കി. Read on deshabhimani.com

Related News