കർണാടക മന്ത്രിസഭാ വികസനം ; അതൃപ്‌തി, പ്രതിഷേധം ; ധന, ക്യാബിനറ്റ്‌ വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക്‌



മംഗളൂരു കർണാടക മന്ത്രിസഭാ വികസനത്തിലും മേൽകൈ നേടി മുഖ്യമന്ത്രി സിദ്ധരാമയ്യ. ധന, ക്യാബിനറ്റ്‌ വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‌ ബംഗളൂരു നഗരവികസനം, ജലസേചനം വകുപ്പുകളാണ്‌ ലഭിക്കുക. ആഭ്യന്തരവകുപ്പ്‌ ജി പരമേശ്വരയ്‌ക്ക്‌ ലഭിക്കുമെന്നാണ്‌ സൂചന. ശനിയാഴ്‌ച 24 പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തതോടെ കോൺഗ്രസ്‌ സർക്കാരിന്റെ സമ്പൂർണ മന്ത്രിസഭയായി. അതേമസയം മന്ത്രിസ്ഥാനം ലഭിക്കാത്ത മുൻമന്ത്രിമാരായ എം കൃഷ്ണപ്പ, ടി ബി ജയചന്ദ്ര ഉൾപ്പെടെയുള്ളവരുടെ അനുയായികൾ ചടങ്ങിനിടെ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. മലയാളിയായ എൻ എ ഹാരിസ്, ദളിത് നേതാവ് ബി കെ ഹരിപ്രസാദ് എന്നിവർ നേതൃത്വത്തെ  അതൃപ്‌തി അറിയിച്ചിരുന്നു. രുദ്രപ്പലമണിക്കു മന്ത്രിസ്ഥാനം ആവശ്യപ്പെട്ട്‌ അനുയായികൾ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചു. ബിജെപിയിൽ നിന്നെത്തിയ മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സാവദിയെയും പരിഗണിച്ചില്ല. ശനി പകൽ 11.45ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെലോട്ട് മന്ത്രിമാർക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. 34 അംഗ മന്ത്രിസഭയിലെ ഏക വനിത ലക്ഷ്മി ആർ ഹെബ്ബാൾക്കറാണ്‌. ലിംഗായത്ത് സമുദായത്തിന് എട്ടും വൊക്കലിംഗ വിഭാഗത്തിന്‌ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറടക്കം അഞ്ചും മന്ത്രിസ്ഥാനങ്ങളും ലഭിച്ചു. പട്ടികജാതി വിഭാഗത്തിൽനിന്ന് അഞ്ചു പേരും പട്ടികവർഗ വിഭാഗത്തിൽനിന്ന് നാലു പേരും മന്ത്രിമാരായി. ഒബിസി വിഭാഗത്തിൽനിന്ന് സിദ്ധരാമയ്യ ഉൾപ്പെടെ അഞ്ചു പേർക്കും മുസ്ലിം സമുദായത്തിൽനിന്ന് രണ്ടു പേർക്കും മന്ത്രി പദവി ലഭിച്ചു. നിയമസഭ സ്പീക്കറായി മലയാളിയായ യു ടി ഖാദറിനെ നേരത്തേ തെരഞ്ഞെടുത്തിരുന്നു. മറ്റൊരു മലയാളിയായ കെ ജെ ജോർജും മന്ത്രിയായി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ട്‌ മന്ത്രിമാരും ഒരാഴ്‌ച മുമ്പ്‌ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. Read on deshabhimani.com

Related News