കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്‌ ; ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാൻ ബിജെപി



കോൺഗ്രസും ബിജെപിയും ഇക്കുറിയും കർണാടകത്തിലെ രണ്ട്‌ പ്രബല സമുദായങ്ങളായ ലിംഗായത്ത്‌, വൊക്കലിംഗ വിഭാഗങ്ങളെ തൃപ്‌തിപ്പെടുത്താൻ മത്സരിക്കുകയാണ്‌. ഭരണവിരുദ്ധവികാരവും അഴിമതിയും സർക്കാരിന്റെ സംവരണനയവും കാർഷികമേഖലയിലെ തകർച്ചയും പ്രധാന വിഷയങ്ങളാണ്‌. വികസനവും തീവ്രഹിന്ദുത്വവും ഉയർത്തിപ്പിടിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌ ബിജെപി തന്ത്രമൊരുക്കിയിരിക്കുന്നത്‌. കർണാടകത്തിൽ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരമായി നടപ്പാക്കിയിരുന്ന നാലു ശതമാനം ഒബിസി സംവരണം എടുത്തുകളഞ്ഞു. ഇത്‌ വൊക്കലിംഗ, ലിംഗായത്ത്‌ സമുദായങ്ങൾക്ക്‌ രണ്ടു ശതമാനംവീതം വീതിച്ചുനൽകി. ഹിജാബ്, ടിപ്പു വിവാദങ്ങൾ ഭൂരിപക്ഷ വോട്ടുകൾ അനുകൂലമാക്കുമെന്ന പ്രതീക്ഷയും ബിജെപി വച്ചുപുലർത്തുന്നു. ഒപ്പം പട്ടികജാതിക്കാർക്കുള്ള സംവരണത്തിൽ  ഉപസംവരണം ഏർപ്പെടുത്തി ഈ വിഭാഗത്തെ ഭിന്നിപ്പിക്കുന്നു.   പട്ടികജാതിക്കാരെ എസ്‌സി ലെഫ്‌റ്റ്‌, എസ്‌സി റൈറ്റ്‌,  ടച്ചബിൾസ്‌, മറ്റുള്ളവർ എന്നിങ്ങനെ നാല്‌ വിഭാഗമായി തിരിച്ച്‌ യഥാക്രമം ആറു ശതമാനം, 5.5 ശതമാനം, 4.5 ശതമാനം, ഒരു ശതമാനം എന്നിങ്ങനെ ഉപസംവരണം  ഏർപ്പെടുത്തി. ഇതിനെതിരെ ടച്ചബിൾസ്‌ വിഭാ​ഗത്തിലെ ബഞ്ചാര സമുദായം വൻപ്രതിഷേധവുമായി രംഗത്തിറങ്ങി. കൊറച്ച, കോറമ, ബോവി സമുദായങ്ങളും പ്രക്ഷോഭത്തിനിറങ്ങുന്നത്‌ ബിജെപിക്ക്‌ തിരിച്ചടിയാകും. 22 ശതമാനം വരുന്ന ദളിത്‌ സമൂഹം തങ്ങൾക്ക്‌ ഭീഷണിയാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌ സാഹോദര്യത്തിൽ കഴിയുന്ന വിവിധ പട്ടികജാതി സമുദായങ്ങളെ ഭിന്നിപ്പിച്ച്‌ മുതലെടുപ്പിന്‌ ശ്രമിച്ചത്‌. മാസങ്ങൾക്കുമുമ്പേ 100 മണ്ഡലത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ജെഡിഎസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്‌ തുടക്കംകുറിച്ചിട്ടുണ്ടെങ്കിലും വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നില്ല. വൊക്കലിംഗ സമുദായത്തിന്റെയും ന്യൂനപക്ഷ, പിന്നാക്ക വോട്ടുകളിലുമാണ്‌ ജെഡിഎസിന്റെ പ്രതീക്ഷ. ബിഎസ്‌പിയും മറ്റു ചില പ്രാദേശിക പാർടികളും ചുരുക്കം മണ്ഡലങ്ങളിൽ മത്സരരംഗത്തുണ്ടാകും. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയ പാർടിയായ എസ്‌ഡിപിഐക്ക്‌ ചില കേന്ദ്രങ്ങളിൽ സ്വാധീനമുണ്ട്‌. എസ്‌ഡിപിഐ നൂറോളം മണ്ഡലത്തിൽ സ്ഥാനാർഥികളെ നിർത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.  റാലിക്കിടെ നോട്ട്‌ എറിഞ്ഞ്‌ 
ശിവകുമാർ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിച്ച റോഡ്‌ ഷോയ്‌ക്കിടെ നോട്ടുകൾ എറിഞ്ഞ്‌ പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാർ. മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലാണ്‌ സംഭവം. റാലിയിൽ കലാപ്രകടനങ്ങൾ നടത്തിയവർക്കുനേരെ ശിവകുമാർ വാഹനത്തിൽനിന്ന് 500 രൂപ നോട്ടുകൾ എറിയുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. കാലുമാറ്റങ്ങളുടെ കര്‍ണാടകം ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത 2018 തെരഞ്ഞെടുപ്പിന്‌ ശേഷം നിരവധി കാലുമാറ്റ നാടകങ്ങൾക്കാണ്‌ സംസ്ഥാനം സാക്ഷിയായത്‌. കോൺഗ്രസും - ജെഡിഎസും സഖ്യമുണ്ടാക്കി ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാർ രൂപീകരിച്ച്‌ ബി എസ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിയായി. മൂന്ന്‌ ദിവസം മാത്രം ആയുസ്‌ നീണ്ട സർക്കാർ നിയമസഭയിൽ വിശ്വാസ വോട്ടിന്‌ 10 മിനിറ്റ്‌ മുമ്പ്‌ രാജിവച്ചു. തുടർന്ന്‌ കോൺഗ്രസ്‌–- ജെഡിഎസ്‌ സഖ്യത്തിൽ എച്ച്‌ ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. കോൺഗ്രസിലെ 14 ലും ജെഡിഎസിലെ മൂന്നും എംഎൽഎമാർ ബിജെപിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ രാജിവച്ചതോടെ 2019 ജൂലൈ 23ന്‌ നടന്ന വിശ്വാസവോട്ടിൽ കുമാര സ്വാമി സർക്കാർ വീണു. ജൂലൈ 26ന്‌ യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ബിജെപിയിലെ തർക്കത്തിനൊടുവിൽ യെദ്യൂരപ്പ 2021 ജൂലൈ 28ന്‌ രാജിവച്ച്‌ ബസവരാജ്‌ ബൊമ്മെ മുഖ്യമന്ത്രിയായി.   Read on deshabhimani.com

Related News