മോദിയെ സ്വീകരിക്കാന്‍ നിൽക്കാതെ കെസിആര്‍ ബം​ഗളൂരുവില്‍



ബം​ഗളൂരു തെലങ്കാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി കർണാടകത്തിലേക്ക് പറന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു.  ബം​ഗളൂരുവില്‍ ജനതാദൾ (സെക്കുലർ) നേതാക്കളായ മുന്‍ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത്  ബദൽ പ്രതിപക്ഷ സഖ്യം ഉയര്‍ത്തികൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് സന്ദര്‍ശനം. 2024ല്‍ ദേശീയതലത്തിൽ മാറ്റമുണ്ടാകുമെന്നും ആർക്കും തടയാനാകില്ലെന്നും കൂടിക്കാഴ്ചയ്ക്കുശേഷം തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) അധ്യക്ഷന്‍ കൂടിയായ കെസിആര്‍ പ്രതികരിച്ചു. കഴിഞ്ഞയാഴ്ച സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവുമായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും കെസിആര്‍ കൂടിക്കാഴ്ച നടത്തി.  മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരുമായും ഉടന്‍ കൂടിക്കാഴ്ച നടത്തും. നാലുമാസത്തിനിടെ രണ്ടാം തവണയാണ് കെ സി ആർ മോദിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുന്നത്. ഫെബ്രുവരിയില്‍ മോദി തെലങ്കാനയില്‍ എത്തിയപ്പോള്‍ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മറ്റൊരു മന്ത്രിയെയാണ് മോദിയെ സ്വീകരിക്കാനയച്ചത്.അതേസമയം തെലങ്കാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കെസിആറിനെ പേരെടുത്തുപറയാതെ വിമര്‍ശിച്ചു. തെലങ്കാനയെ പ്രത്യേക സംസ്ഥാനമാക്കിയത് ഒറ്റ കുടുംബത്തിന് വേണ്ടിയല്ലെന്നും സംസ്ഥാനഭരണം അഴിമതിയില്‍ മുങ്ങിയെന്നും മോദി കുറ്റപ്പെടുത്തി.   Read on deshabhimani.com

Related News