പാർലമെന്റ്‌ നടത്തിപ്പ്‌: ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനെന്ന്‌ ജോൺ ബ്രിട്ടാസ്‌



ന്യൂഡൽഹി > ജനാധിപത്യത്തിൽ പാർലമെന്റിനുള്ള പ്രാധാന്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും പാർലമെന്റ്‌ സമ്മേളനം സുഗമമായി നടത്താനുള്ള പ്രാഥമിക ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത്‌ ജോൺ ബ്രിട്ടാസ്‌ സർവകക്ഷി യോഗത്തിൽ പറഞ്ഞു. കാർഷിക നിയമങ്ങൾ, പെഗാസസ്‌ വിഷയങ്ങളിലെ സർക്കാരിന്റെ കടുംപിടിത്തമാണ്‌ വർഷകാല സമ്മേളനം പൂർണമായും ബഹളത്തിൽ കലാശിച്ചത്‌. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഈ വിഷയങ്ങളിൽ സംസാരിക്കാനും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും കൂട്ടാക്കിയിരുന്നെങ്കിൽ വർഷകാല സമ്മേളനം നഷ്ടമാകില്ലായിരുന്നു. പ്രധാനമന്ത്രിയെ പാർലമെന്റിൽ കാണാനേയില്ലെന്നും ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി. പെഗാസസ്‌ വിഷയത്തിൽ സുപ്രീംകോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രിക്ക്‌ പറയേണ്ടി വന്നു.  പാർലമെന്റിലെ നിയമനിർമാണ രീതിയെക്കുറിച്ച്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിനുപോലും വിമർശനപരമായി സംസാരിക്കേണ്ടി വന്നു. നേരത്തേ 70 ശതമാനം ബില്ലുകൾ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിട്ടിരുന്നു. ലോക്‌സഭയിൽ 10 ശതമാനം ബില്ലുകൾ മാത്രമാണ്‌ നിലവിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ പോകുന്നതെന്നും ബ്രിട്ടാസ്‌ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News