എംപിലാഡ്‌സ് പദ്ധതിയുടെ തുകയുടെ പലിശ ഇനി വികസന പദ്ധതികൾക്ക് ഉപയോഗിക്കാനാവില്ല: കേന്ദ്രസർക്കാർ



ന്യൂഡൽഹി> പുതുക്കിയ എംപിലാഡ്‌സ് പദ്ധതിയുടെ മാർഗരേഖ പ്രകാരം പലിശ ഇനത്തിൽ ലഭിക്കുന്ന തുക കൂടുതൽ പദ്ധതികൾക്ക് ചെലവഴിക്കാനുണ്ടായിരുന്ന സൗകര്യം ഈ മാസം സെപ്റ്റംബർ വരെ മാത്രമേ  ലഭ്യമാകൂ. ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ ഇത് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ എംപിമാരുടെയും അഞ്ചുവർഷത്തെ എംപിലാഡ്‌സ് ഫണ്ടിന്റെ പലിശ ഇനത്തിൽ ലഭിക്കാവുന്ന തുക ഏകദേശം 1000 കോടി ആണ്. ഇത്രയും ഭീമമായ തുക കൂടുതൽ പദ്ധതികൾക്ക് വേണ്ടി ചിലവഴിക്കാം എന്ന പ്രയോജനമാണ് ഇതോടുകൂടി ഇല്ലാതാകുന്നത്. നേരത്തെ എംപിലാഡ്‌സിന്റെ പുതുക്കിയ മാർഗ്ഗരേഖ പ്രകാരം പദ്ധതി ഫണ്ടിന്റെ പലിശ ഇനത്തിൽ ലഭിക്കുന്ന തുക കൂടി കൂടുതൽ പ്രവൃത്തികൾക്കു വേണ്ടി ചെലവഴിക്കാനുള്ള അനുമതി 2023 സെപ്റ്റംബർ വരെയായി ചുരുക്കിയിരിക്കുന്നു. 2022 മാർച്ച് ഒമ്പതാം തീയതി ധനമന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പ്രകാരം എംപിലാഡ്‌സ് ഉൾപ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടുകളിൽ പലിശ ഇനത്തിൽ ലഭിക്കുന്ന തുക കൂടുതൽ പ്രവൃത്തികൾക്ക് വേണ്ടി വിനിയോഗിക്കാതെ തിരികെ കൺസോളിഡേറ്റഡ് ഫണ്ടിൽ ഒടുക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം കേന്ദ്രസർക്കാർ പരിഗണിച്ചില്ലെന്ന് കൂടിയാണ് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലൂടെ വ്യക്തമാകുന്നത്. Read on deshabhimani.com

Related News