ടിക്കറ്റ് വിൽപ്പന: റെയിൽവേ 5 വർഷം കൊണ്ട് നേടിയത് 12,128 കോടി രൂപ



ന്യൂഡൽഹി> റെയിൽവേ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ  ഫ്ലെക്‌സി നിരക്ക്, പ്രീമിയം തത്‌കാൽ ടിക്കറ്റുകൾ, തത്‌കാൽ ടിക്കറ്റുകൾ എന്നിവയിലൂടെ സമാഹരിച്ചത് 12,128 കോടി രൂപ. ഡോ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രാലയം കണക്കുകൾ  വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2023 ഫെബ്രുവരി വരെ) ഫ്ളെക്സി നിരക്ക് വഴി മാത്രം 3792 കോടി രൂപയുടെ അധിക വരുമാനമുണ്ടായതായി റെയിൽവേ മന്ത്രാലയം വെളിപ്പെടുത്തി. പ്രീമിയം തത്കാലിൽ നിന്ന് 2399 കോടി രൂപയും തത്കാലിൽ നിന്ന് 5937 കോടി രൂപയും റെയിൽവേ സമാഹരിച്ചു. ടിക്കറ്റുകൾ റദ്ദാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകൾ പ്രത്യേകമായി സൂക്ഷിക്കാറില്ലെന്നും ഇത് മിസ്‌ലേനിയസ് കോച്ചിംഗ് വരവ് കണക്കുകളിൽ ഉൾപ്പെടുത്തുകയാണ് പതിവെന്നും  റെയിൽവേ മറുപടിയിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ (2023 ജനുവരി വരെ) മിസ‌ലേനിയസ് കോച്ചിംഗ് വരവ് ഇനത്തിൽ 7674.63 കോടി രൂപ നേടിയതായും റെയിൽവേ വെളിപ്പെടുത്തി. ടിക്കറ്റ് ബുക്കിങ് വഴി റെയിൽവേയ്ക്ക് അധികവരുമാനം ലഭിച്ചിട്ടും മുതിർന്ന പൗരൻമാരുടെ ഇളവുകൾ ഉൾപ്പെടെ കോവിഡ് കാലത്ത് പിൻവലിച്ച ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. 2022– 2023സാമ്പത്തിക വർഷത്തിൽ ഫ്ലെക്സി നിരക്ക്, പ്രീമിയം തത്കാൽ ടിക്കറ്റുകൾ, തത്കാൽ ടിക്കറ്റുകൾ എന്നീ ഇനത്തിൽ ഫെബ്രുവരി വരെ റെയിൽവേ സമാഹരിച്ചത് 3636 കോടി രൂപയാണ് . എന്നിട്ടും കോവിഡ് കാലത്ത് പിൻവലിച്ച ഇളവുകൾ പുനഃസ്ഥാപിക്കാത്തത്  റെയിൽവേയുടെ ഇരട്ടത്താപ്പാണ്. Read on deshabhimani.com

Related News