സിജിഎച്ച്‌എസ്‌: കേരളത്തിലെ കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തണം- ജോൺ ബ്രിട്ടാസ്‌



ന്യൂഡൽഹി> സിജിഎച്ച്എസ് സംവിധാനത്തിൽ കേരളത്തിലെ കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ജോൺ ബ്രിട്ടാസ് എംപി ആരോഗ്യ– കുടുംബക്ഷേമ മന്ത്രി  മൻസൂഖ് മാണ്ഡവ്യയ്‌ക്ക്‌  കത്തയച്ചു. സംസ്ഥാനത്തെ  ചുരുക്കം സ്വകാര്യ ആശുപത്രികൾ മാത്രമാണ് സിജിഎച്ച്എസിൽ എംപാനൽ ചെയ്യപ്പെട്ടിട്ടുള്ളത്.   നിലവിലുണ്ടായിരുന്ന പാക്കേജുകളുടെ അനാകർഷണീയതയും ബില്ലുകൾ തീർപ്പാക്കുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസവും മൂലമാണ് സ്വകാര്യ ആശുപത്രികൾ വൈമുഖ്യം കാണിച്ചിരുന്നത്. എംപാനൽ ചെയ്യപ്പെട്ട  ആശുപത്രികൾ പോലും പിന്മാറി. കേന്ദ്ര ജീവനക്കാരും പെൻഷൻകാരും ഉഇതുകാരണം ബുദ്ധിമുട്ടിലാണ്‌. കേരളത്തിന് എയിംസ്‌ അനുവദിക്കാത്തത്‌ പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പണം ഈടാക്കിയ ശേഷമാണ് പദ്ധതിയിൽ അംഗങ്ങളാക്കുന്നത്‌. തുടർന്ന് അവർക്ക് പ്രതിമാസ മെഡിക്കൽ അലവൻസിനും അർഹതയില്ല. നിലവിൽ കേരളത്തിൽ പെൻഷൻകാർ ഉൾപ്പെടെയുള്ള സിജിഎച്ച്എസ് അംഗങ്ങളിൽ ഭൂരിഭാഗവും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് സങ്കീർണ ചികിത്സകൾ തേടുന്നത്. അടുത്തിടെ പാക്കേജ്‌ കേന്ദ്രം പരിഷ്‌കരിച്ചതിനാൽ പുതുക്കിയ നിരക്കുകൾ കൂടി കണക്കിലെടുത്ത്‌ എംപാനൽ ചെയ്യുവാൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് അടിയന്തര നിർദേശം നൽകണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News