എഫ് എം ചാനലുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കൽ: ജോൺബ്രിട്ടാസിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്രസർക്കാർ



ന്യൂഡൽഹി> എഫ് എം ചാനലുകളിൽ പ്രാദേശിക ഭാഷകൾക്ക് പകരം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ. പ്രാദേശിക എഫ് എം ചാനലുകളിൽ പ്രാദേശിക ഭാഷകൾക്ക് പകരം ഹിന്ദി ഭാഷയിലുള്ള പരിപാടികൾ കൂടുതലായി അടിച്ചേൽപ്പിക്കുന്നതിനെതിരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഇതു പരിശോധിച്ച് പ്രാദേശിക ഭാഷകളിലുള്ള  പരിപാടികളുടെ സമയക്രമം പുനഃസ്ഥാപിക്കുമോ എന്നുമായിരുന്നു ചോദ്യം. ഭൂമിശാസ്‌ത്രം, വംശീയത, വിശ്വാസം, ഭാഷ, സംസ്കാരം എന്നിവ കണക്കിലെടുത്ത് ശ്രോതാക്കളുടെ അഭിരുചിക്കനുസരിച്ച് പരിപാടികളുടെ ഉള്ളടക്കത്തെ കുറിച്ച് തുടർച്ചയായ വിലയിരുത്തലുകൾ ആകാശവാണി നടത്താറുണ്ടെന്ന് പ്രസാർഭാരതി അറിയിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.   നിലവിൽ ആകാശവാണി രാജ്യത്തുടനീളമുള്ള അവരുടെ ചാനലുകളിലൂടെ 23 പ്രധാന ഭാഷകളിലും 181 പ്രാദേശിക ഭാഷകളിലും പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ആകാശവാണിയുടെ കീഴിലുള്ള എഫ്എം ചാനലുകളിലെ പ്രാദേശിക ഭാഷാ പരിപാടികളുടെ സമയക്രമം അട്ടിമറിച്ച് ഹിന്ദി ഭാഷാ പരിപാടികൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതിനെ കുറിച്ച് വിശദീകരണമോ മറുപടിയോ നൽകാൻ കേന്ദ്രം തയ്യാറായില്ല. സ്വകാര്യ എഫ്എം ചാനലുകൾ ഒരു ദിവസത്തെ അവരുടെ സംപ്രേക്ഷണത്തിൽ 20 ശതമാനമെങ്കിലും പ്രാദേശിക ഭാഷയിലുള്ള പരിപാടികൾ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നിഷ്‌കർശിച്ചിട്ടുണ്ടെന്നും പറഞ്ഞ് മറുപടി അവസാനിപ്പിക്കുകയായിരുന്നു.     Read on deshabhimani.com

Related News