ജെഎന്‍യുവിലെ പ്രവേശന പരിഷ്‌കാരം: കേന്ദ്രത്തിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു



ന്യൂഡല്‍ഹി > ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പുതിയ പ്രവേശന പരിഷ്‌കാരങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി യൂണിയന്‍ നടത്തുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേയ്ക്ക് കടക്കുന്നു. സമരരംഗത്തുള്ള 11 പേര്‍ക്ക് പിന്തുണയുമായി നിരവധി വിദ്യാര്‍ഥികളാണെത്തുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ജെഎന്‍എസ്യു(വിദ്യര്‍ഥി യൂണിയന്‍)വിന്റെ ആവശ്യത്തെ ഇതേവരെ സര്‍വകലാശാല അധികൃതര്‍ അംഗീകരിച്ചിട്ടില്ല. സമരം നടത്തുന്നവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുമെന്നാണ് സര്‍വകലശാലയുടെ ഇപ്പോഴുള്ള ഭീഷണി.ഇവരുടെ വീടുകളില്‍ സന്ദേശം അയച്ചും സമ്മര്‍ദ്ദം ചെലുത്തുകയാണ്  അധികൃതര്‍. പാവപ്പെട്ട വിദ്യര്‍ഥികള്‍ക്ക് പഠനം നിഷേധിക്കുന്ന വിധമാണ് ജെഎന്‍യുവിലെ പുതിയ പ്രവേശന രീതി. ദാരിദ്രരേഖയുടെ അടിസ്ഥാനത്തില്‍ സംവരണത്തില്‍ പ്രവേശനം നല്‍കുന്ന  സംവിധാനം ഇല്ലാതാക്കുകയും, ചില കോഴ്സുകളില്‍ വന്‍തുക ഫീസായി നിശ്ചയിച്ച് പ്രവേശനം നടത്തുന്നതുമാണ് പുതിയ പരിഷ്‌കാരം.  പുതിയ ഓണ്‍ലൈന്‍ പ്രവേശനപരീക്ഷാ രീതി, എം ഫില്‍-പി എച്ച്ഡി കോഴ്സുകളെ വേര്‍തിരിക്കുന്ന തീരുമാനം എന്നീ നടപടികള്‍ക്കെതിരെ കൂടിയാണ് പ്രതിഷേധം തുടരുന്നത്.  '283 രൂപ ഫീസ് നല്‍കി പാവപ്പെട്ട കഴിവുള്ള വിദ്യാര്‍ഥികള്‍ പഠിച്ചിടത്താണ് പുതിയ സമ്പ്രദായം കൊണ്ടുവരുന്നത്. 12 ലക്ഷം നല്‍കിയാല്‍ പോലും ഹോസ്റ്റല്‍ സൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍ പഠനം തുടരേണ്ട അവസ്ഥയാണ് നിലവിലുള്ളത്‌. ഇത് അനിവദിക്കില്ല'; യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.  ഉന്നതവിദ്യഭ്യാസം കച്ചവടവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിവിധ കലാലയങ്ങളില്‍ നിന്നും ജെഎന്‍യു യൂണിയന് പിന്തുണയുമായി നിരവധി വിദ്യാര്‍ഥികള്‍ രംഗത്തുവന്നിട്ടുണ്ട്.   Read on deshabhimani.com

Related News