ജിണ്ടിൽ കർഷക മഹാപഞ്ചായത്ത്‌ ; 
രാജ്യവ്യാപകമായി ട്രാക്ടർ റാലി



ന്യൂഡൽഹി ഐതിഹാസിക കർഷകസമരത്തിനു മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച്‌ കർഷക  സംഘടനകൾ പാർലമെന്റ്‌ മാർച്ചിനൊരുങ്ങുന്നു. മാർച്ച്‌ 15നും 22നും ഇടയിലായിരിക്കും മാർച്ചെന്ന്‌ റിപ്പബ്ലിക്‌ ദിനത്തിൽ ഹരിയാനയിലെ ജിണ്ടിൽ ചേർന്ന കിസാൻ മഹാപഞ്ചായത്ത്‌ പ്രഖ്യാപിച്ചു. കരട്‌ വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ, സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള കുറഞ്ഞ താങ്ങുവില നിയമപരമാക്കൽ, കേന്ദ്രമന്ത്രി അജയ്‌ മിശ്രയെ പുറത്താക്കൽ, കാർഷിക വായ്‌പകൾക്ക്‌ ഇളവ്‌ തുടങ്ങിയ ഉറപ്പുകൾ പാലിക്കാത്തതിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുത്താനും കിസാൻ മഹാപഞ്ചായത്ത്‌ തീരുമാനിച്ചു. പതിനായിരക്കണക്കിനു കർഷകർ പങ്കെടുത്ത മഹാപഞ്ചായത്തിൽ കിസാൻമോർച്ച നേതാക്കളായ ഹന്നൻ മൊള്ള, ജോഗീന്ദർ സിങ്‌ ഉഗ്രഹാൻ, ഡോ. ദർശൻ പാൽ, രാകേഷ്‌ ടിക്കായത്ത്‌, അതുൽകുമാർ അഞ്ജൻ, അവിക്‌ സാഹ, യുദ്ധ്‌വീർ സിങ്‌ തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ കർഷക–- തൊഴിലാളിവിരുദ്ധ സർക്കാരാണ്‌ മോദിയുടെ നേതൃത്വത്തിലുള്ളതെന്ന്‌ ഹന്നൻ മൊള്ള പറഞ്ഞു. റിപ്പബ്ലിക്‌ ദിനത്തിൽ ബംഗാൾ, ബിഹാർ, രാജസ്ഥാൻ, തെലങ്കാന, ആന്ധ്ര, കേരളം, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷക സംഘടനകൾ സംഘടിപ്പിച്ച ട്രാക്ടർ റാലികളിൽ ആയിരക്കണക്കിനുപേർ പങ്കെടുത്തു. കർഷകർക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാതെ കേന്ദ്ര സർക്കാർ വഞ്ചിച്ചെന്ന്‌ ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ കിസാൻ സഭ നിവേദനം നൽകി. Read on deshabhimani.com

Related News