മൂന്ന്‌ പതിറ്റാണ്ടിന്റെ ബന്ധം; ജയ്‌പാൽ റെഡ്ഡിയുടെ പ്രതിമ യെച്ചൂരി അനാച്ഛാദനം ചെയ്‌തു



ഹൈദരാബാദ്> മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന എസ് ജയ്‌‌പാൽ റെഡ്ഡിയുടെ വിയോഗം രാജ്യത്തിന് തീരാനഷ്‌ടമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഹൈദരാബാദിലെ മദ്ഗുലിൽ നിർമിച്ച ജയ്പാൽ റെഡ്ഡിയുടെ  പ്രതിമ  വെള്ളിയാഴ്ച അനാച്ഛാദനം ചെയ്‌ത‌ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റെഡ്ഡിയുമായുള്ള തന്റെ ബന്ധത്തിന് മൂന്ന് പതിറ്റാണ്ട് പഴക്കമുണ്ട്‌. ജനാധിപത്യ മൂല്യം ഉയർത്തിപിടിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ, ദൗർഭാഗ്യവശാൽ നിലവിലെ രാഷ്ട്രീയത്തിൽ ആ മൂല്യം ഇല്ലാതാകുന്നു. ജനാധിപത്യത്തിന്റെ നാല് തൂണുകളും ആക്രമിക്കപ്പെടുന്നു എന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളെ മാറ്റിനിർത്തിയാണ്‌ റെഡ്ഡിയുടെ കുടുംബം പ്രതിമ അനാച്ഛാദനം ചെയ്യാൻ യെച്ചൂരിയെ വിളിച്ചത്‌. ആ കർമം ‘സഖാവ്‌’ നിർവഹിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. റെഡ്ഡിയോട്‌ കോൺഗ്രസ്‌ നീതിപുലർത്തിയില്ലെന്ന പരാതിയാണ്‌ കുടുംബത്തിന്‌. ഉന്നത നേതാക്കളെ പരിപാടിയിൽനിന്ന്‌ മാറ്റിനിർത്താൻ കുടുംബത്തെ പ്രേരിപ്പിച്ചതും ഇതാണ്‌. മുൻ സുപ്രീംകോടതി ജഡ്‌‌ജി ജസ്റ്റിസ്‌ ആർ സുഭാഷ്‌ റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തു. നാലു തവണ എംഎൽഎയും അഞ്ചു തവണ ലോക്‌സഭാംഗവും രണ്ടു തവണ രാജ്യസഭാംഗവുമായിരുന്നു ജയ്‌‌പാൽ റെഡ്ഡി. Read on deshabhimani.com

Related News