ഉപരാഷ്ട്രപതി 
തെരഞ്ഞെടുപ്പ്‌ ഇന്ന്‌

image credit twitter / jagdeep dhankhar/ Margaret Alva


ന്യൂഡൽഹി ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്റ്‌ അംഗങ്ങൾ ശനിയാഴ്‌ച തെരഞ്ഞെടുക്കും. പാർലമെന്റ്‌ മന്ദിരത്തിലാണ്‌ വോട്ടെടുപ്പ്‌. വോട്ടെടുപ്പ്‌ പൂർത്തിയായാലുടൻ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. എൻഡിഎ സ്ഥാനാർഥി ജഗ്‌ദീപ്‌ ധൻഖറും പ്രതിപക്ഷ പാർടികളുടെ സംയുക്ത സ്ഥാനാർഥി മാർഗരറ്റ്‌ ആൽവയും തമ്മിലാണ്‌ മത്സരം. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ബുധനാഴ്‌ച അവസാനിക്കും. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്‌ച ചുമതലയേൽക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ്‌ ഇലക്ടറൽ കോളേജ്‌. ലോക്‌സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത്‌ പേരടക്കം 237 എംപിമാരുമാണ്‌ നിലവിലുള്ളത്‌. 391 വോട്ടാണ്‌ ജയിക്കാനാവശ്യം. ബിജെപിക്കു മാത്രമായി ലോക്‌സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയും നടത്തി. 43 എംപിമാരാണ്‌ തൃണമൂലിനുള്ളത്‌. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ പിന്തുണച്ച ജെഎംഎം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനൊപ്പമാണ്‌. എഎപി, ടിആർഎസ്‌ തുടങ്ങിയ പാർടികളും ആൽവയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഭീതികൂടാതെ വോട്ട്‌ ചെയ്യാൻ എംപിമാരോട്‌ അൽവ അഭ്യർഥിച്ചു. Read on deshabhimani.com

Related News