ഐഎസ്‌ആർഒ ചാരക്കേസ്‌ ഗൂഢാലോചന : 
പ്രതികളുടെ ജാമ്യം റദ്ദാക്കി

ആർ ബി ശ്രീകുമാർ, സിബി മാത്യൂസ്


ന്യൂഡൽഹി ഐഎസ്‌ആർഒ ചാരക്കേസിൽ ശാസ്‌ത്രജ്ഞൻ നമ്പിനാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികൾക്ക്‌ മുൻകൂർ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി. കേരള മുൻ ഡിജിപി സിബിമാത്യൂസ്‌, ഗുജറാത്ത്‌ മുൻ എഡിജിപി ആർ ബി ശ്രീകുമാർ, ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി എസ്‌ ജയപ്രകാശ്‌, പൊലീസ്‌ ഉദ്യോഗസ്ഥരായിരുന്ന എസ്‌ വിജയൻ, തമ്പി എസ്‌ ദുർഗ എന്നിവർക്ക്‌ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ്‌ ജസ്‌റ്റിസ്‌ എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ്‌ റദ്ദാക്കിയത്‌.  സുപ്രീംകോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ജാമ്യാപേക്ഷകൾ പുതുതായി പരിഗണിക്കാൻ ഹൈക്കോടതിക്ക്‌ സുപ്രീംകോടതി നിർദേശം നൽകി. നാലാഴ്‌ചയ്‌ക്കുള്ളിൽ ജാമ്യാപേക്ഷകൾ ഹൈക്കോടതി തീർപ്പാക്കണം. അഞ്ച്‌ ആഴ്‌ചത്തേക്ക്‌  അറസ്‌റ്റ്‌ പാടില്ല. വാദംകേൾക്കലിനിടെ ഹൈ ക്കോടതി ചില വസ്‌തുതകൾ പരിഗണിക്കാൻ വിട്ടുപോയെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കാൻ സുപ്രീംകോടതി രൂപീകരിച്ച ജെയിൻ കമ്മിറ്റി റിപ്പോർട്ട്‌ ഹൈക്കോടതി പരിഗണിച്ചിട്ടില്ല. ഓരോ വ്യക്തിക്കും എതിരായ ആരോപണങ്ങൾ കൃത്യമായി പരിഗണിച്ചാകണം ജാമ്യാപേക്ഷകൾ തീർപ്പാക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ഓരോ പ്രതിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി  പ്രത്യേകം പരിഗണിക്കേണ്ടി വരും. സുപ്രീംകോടതി ഉത്തരവിനു പിന്നാലെ പ്രതികൾ ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകാനുള്ള നീക്കം തുടങ്ങി. 2018 ആഗസ്‌തിലാണ്‌ സിബിമാത്യൂസ്‌ ഉൾപ്പെടെയുള്ളവർക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. ഹൈക്കോടതി ഉത്തരവിനെതിരെയാണ്‌ സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്‌. ഐഎസ്‌ആർഒ ചാരക്കേസ്‌ കെട്ടിച്ചമച്ചതാണെന്നും നമ്പിനാരായണന്‌ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി 2018 സെപ്‌തംബറിൽ ഉത്തരവിട്ടിരുന്നു. നമ്പിനാരായണനെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ ഡി കെ ജെയിൻ അധ്യക്ഷനായി മൂന്നംഗസമിതിയും രൂപീകരിച്ചു. ജെയിൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ തുടർനടപടികളിലേക്ക്‌ കടന്നതോടെയാണ്‌ സിബിമാത്യൂസ്‌ ഉൾപ്പെടെയുള്ളവർ മുൻകൂർജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്‌. ചാരക്കേസ്‌ അന്വേഷിച്ചിരുന്ന  പ്രത്യേക അന്വേഷകസംഘത്തിന്‌ നേതൃത്വം നൽകിയിരുന്നത്‌ സിബിമാത്യൂസായിരുന്നു. ആർ ബി ശ്രീകുമാർ ആ സമയത്ത്‌ ഇന്റലിജൻസ്‌ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. Read on deshabhimani.com

Related News