‘കശ്‌മീർഫയൽസ്‌ ’ വിവാദത്തിന്‌ പിന്നാലെ ലഭിച്ച ഭീഷണിസന്ദേശം ഷെയർ ചെയ്‌ത്‌ ഇസ്രായേൽ സ്ഥാനപതി



ന്യൂഡൽഹി> ‘കശ്‌മീർ ഫയൽസ്‌’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന്‌ പിന്നാലെ ഇസ്രായേൽ സ്ഥാനപതിക്ക്‌ ഭീഷണിസന്ദേശം. തനിക്ക്‌ സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച സന്ദേശം ഇസ്രായേൽ സ്ഥാനപതി  നാവോർ ഗിലോൺ ട്വിറ്ററിൽ ഷെയർ ചെയ്‌തു. ‘അഡോൾഫ്‌ ഹിറ്റ്‌ലർ ഒരു മഹാനായിരുന്നു. തന്നെ പോലെയുള്ള മാലിന്യങ്ങളെ അദ്ദേഹം ചുട്ടെരിച്ചു. എത്രയും വേഗം ഇന്ത്യ വിട്ടു പോകുക’– എന്നാണ്‌ സന്ദേശത്തിൽ പറയുന്നത്‌. സെമിറ്റിക്ക്‌മതങ്ങൾക്ക്‌ എതിരായ വികാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന്‌ ഭീഷണി സന്ദേശം ഷെയർ ചെയ്‌ത്‌ നാവോർ ഗിലോൺ  കുറിച്ചു. ഈ സന്ദേശം അയച്ച വ്യക്തി ഒരു പിഎച്ച്‌ഡിക്കാരനാണെന്ന്‌ അദ്ദേഹത്തിന്റെ പ്രൊഫൈൽ പരിശോധിച്ചതിൽ നിന്നും വ്യക്തമായി. അദ്ദേഹത്തിന്റെ വിശദാംശങ്ങൾ തൽക്കാലം പുറത്തുവിടുന്നില്ല. ഇത്തരം സന്ദേശങ്ങൾ ഇന്ത്യയുമായുള്ള സൗഹൃദത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും  നാവോർ ഗിലോൺ പറഞ്ഞു. ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോൽസവത്തിൽ പ്രദർശിപ്പിച്ച കശ്‌മീർഫയൽസിനെ ജൂറി അദ്ധ്യക്ഷനായ നാദവ്‌ ലാപിഡ്‌ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചത്‌  കേന്ദ്രസർക്കാരിനും ബിജെപിക്കും വലിയ നാണക്കേടായിരുന്നു. കശ്‌മീർഫയൽസ്‌ വൃത്തികെട്ട പ്രചരണചിത്രമാണെന്നും അത്‌ തന്നിൽ നടുക്കവും അസ്വസ്ഥതയും സൃഷ്ടിച്ചെന്നുമായിരുന്നു നാദവ്‌ലാപിഡിന്റെ പ്രതികരണം. ഇതിനുപിന്നാലെ, നാദവ്‌ ലാപിഡിന്റെ പ്രസതാവനയെ വിമർശിച്ച്‌ ഇസ്രായേൽ സ്ഥാനപതി രംഗത്തെത്തി. ആദരിച്ചവരെ അപമാനിക്കുന്നതിന്‌ തുല്യമായ നടപടിയാണ്‌ ജൂറിചെയർമാന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുള്ളതെന്ന്‌ നാവോർ ഗിലോൺ  വിമർശിച്ചു. വിവാദം കെട്ടടങ്ങുന്നതിന്‌ മുമ്പാണ്‌ തനിക്ക്‌ ഭീഷണി സന്ദേശം ലഭിച്ചെന്ന്‌ ഇസ്രായേൽ സ്ഥാനപതി ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. Read on deshabhimani.com

Related News