ഐആർഎസ്‌ഡിസിയും പൂട്ടി റെയിൽവേ ; പൂട്ടിയത് സ്‌റ്റേഷനുകളിലെ വികസന ചുമതലയുള്ള സ്ഥാപനത്തെ



ന്യൂഡൽഹി രാജ്യത്തെ റെയിൽവേ സ്‌റ്റേഷനുകളിലെ വികസനപദ്ധതികളുടെ നിർവഹണച്ചുമതലയുള്ള ഇന്ത്യൻ റെയിൽവേ സ്‌റ്റേഷൻസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (ഐആർഎസ്‌ഡിസി) അടച്ചുപൂട്ടാൻ ഉത്തരവായി. റെയിൽവേ സമ്പൂർണമായി സ്വകാര്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന സഞ്‌ജീവ്‌ സന്യാൽ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്‌. ഐആർഎസ്‌ഡിസി കൈകാര്യം ചെയ്യുന്ന സ്റ്റേഷനുകളും പദ്ധതികളും റെയിൽവേ സോണുകളെ ഏൽപ്പിക്കാനാണ് ഉത്തരവ്. ഇന്ത്യൻ റെയിൽവേസ്‌ ഓർഗനൈസേഷൻ ഫോർ ആൾട്ടർനേറ്റ്‌ ഫ്യുവൽ കഴിഞ്ഞ മാസം പൂട്ടി. റെയിൽ ലാൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (ആർഎൽഡിഎ), റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ്‌ ഇക്കണോമിക്‌ സർവീസസ്‌ (റൈറ്റ്‌സ്‌), ഇന്ത്യൻ റെയിൽവേ കൺസ്‌ട്രക്‌ഷൻ (ഇർക്കോൺ) എന്നിവയുടെ സംയുക്തസംരംഭമാണ് ഐആർഎസ്‌ഡിസി. നിലവിൽ 60 പദ്ധതി നിർവഹണഘട്ടത്തില്‍. ഏകദേശം 600 സ്‌റ്റേഷന്റെ വികസനം ഐആർഎസ്‌ഡിസി വഴി നടപ്പാക്കാനാണ്‌ മുമ്പ്‌ തീരുമാനിച്ചത്‌. സോണുകൾക്ക്‌ കിട്ടുന്ന സ്‌റ്റേഷനുകൾ സ്വകാര്യവൽക്കരിക്കാനാണ്‌ നീക്കം. വികസനപദ്ധതി ഏറ്റെടുക്കുന്ന സ്വകാര്യകോർപറേറ്റുകൾക്ക്‌ റെയിൽവേഭൂമി ദീർഘകാലത്തേക്ക്‌ പാട്ടത്തിന്‌ നൽകും. റെയിൽവേ വക സ്ഥലം 90 വർഷംവരെ പാട്ടത്തിന്‌ നൽകാൻ നിയമഭേദഗതി കൊണ്ടുവന്നു. Read on deshabhimani.com

Related News