ഭിന്നശേഷിയുള്ള കുട്ടിയുടെ 
യാത്ര തടഞ്ഞു: ഇൻഡിഗോയ്‌ക്ക്‌ 5 ലക്ഷം പിഴ



ന്യൂഡൽഹി ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര തടഞ്ഞ ഇൻഡിഗോ എയർലൈൻസിന്‌ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി.  ഏഴിന്‌ റാഞ്ചിയിൽനിന്ന്‌ ഹൈദരാബാദിലേക്ക്‌ അച്ഛനമ്മമാരോടൊപ്പം യാത്രയ്‌ക്ക്‌ എത്തിയ കുട്ടിയെയാണ്‌ ഇൻഡിഗോ അധികൃതർ തടഞ്ഞത്‌. മനീഷ ഗുപ്‌ത എന്ന യാത്രക്കാരിയാണ്‌ ഈ കുടുംബത്തിനുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്‌. കുടുംബത്തിന്റെയാകെ യാത്ര മുടങ്ങി. തുടർന്നാണ്‌ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ അന്വേഷണം നടത്തിയത്‌. അനുകമ്പയോടെ തീരുമാനമെടുക്കാനും സന്ദർഭത്തിനൊത്ത്‌ ഉയരാനും ഇൻഡിഗോ എയർലൈൻസിനായില്ലെന്ന്‌ അന്വേഷണറിപ്പോർട്ടിൽ പറയുന്നു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ വ്യവസ്ഥകളിൽ ഭേദഗതി വരുത്തുമെന്ന്‌ ഡയറക്ടർ ജനറൽ വ്യക്തമാക്കി. അന്ന്‌ രാത്രി കുടുംബത്തിന്‌ ഹോട്ടലിൽ താമസസൗകര്യം ഒരുക്കിയെന്നും പിറ്റേന്ന്‌ രാവിലെ അവർക്ക്‌ ഹൈദരാബാദിലേക്ക്‌ പോകാനായെന്നും ഇൻഡിഗോ അധികൃതർ പ്രതികരിച്ചു. Read on deshabhimani.com

Related News