ഉക്രയ്‌ൻവിട്ട വിദ്യാർഥികളുടെ പഠനം ; പോർട്ടൽ തുറക്കണം : സുപ്രീംകോടതി



ന്യൂഡൽഹി ഉക്രയ്‌നിൽനിന്ന്‌ മടങ്ങേണ്ടിവന്ന വിദ്യാർഥികൾക്ക്‌ തുടർപഠനത്തിന്‌ യോഗ്യമായ വിദേശ സർവകലാശാലകളുടെ വിവരം ഉൾക്കൊള്ളുന്ന വെബ്‌ പോർട്ടൽ തുറക്കണമെന്ന്‌ കേന്ദ്രത്തിന്‌ സുപ്രീംകോടതി നിർദേശം. യോഗ്യമായ വിദേശ സർവകലാശാല, ഫീസ്‌, സീറ്റ്‌ ലഭ്യത, പ്രവേശന നടപടി തുടങ്ങിയവ പോർട്ടലിൽ വ്യക്തമാക്കണം. വിദ്യാർഥികളെ സഹായിക്കാന്‍ ഏകാംഗ ലെയ്സൺ ഓഫീസറിണിപ്പോള്‍ ഉള്ളത്. കൂടുതൽ കാര്യക്ഷമമായ സംവിധാനം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ഉക്രയ്ന്‍ വിട്ടുവന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ തുടർപഠനം സാധ്യമാക്കണമെന്ന ഹർജി പരി​ഗണിക്കെ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്‌. കേസ്‌ 23ലേക്ക്‌ മാറ്റി. മടങ്ങിയെത്തിയവര്‍ക്ക് രാജ്യത്ത്‌ തുടർപഠനം സാധ്യമാക്കാനാകില്ലെന്നാണ് കേന്ദ്രനിലപാട്. 20,000-–-30,000 വിദ്യാർഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുന്നതിലെ ബുദ്ധിമുട്ട് മനസ്സിലാകുമെന്നും എന്നാൽ മറ്റ് സാധ്യതകൾ കേന്ദ്രം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.  മടങ്ങിയെത്തിയവരിൽ ക്ലിനിക്കൽ പരിശീലനം ലഭിക്കാത്തവർക്ക്‌ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഉക്രയ്‌നുമായുള്ള നയതന്ത്ര ഇടപെടലിൽ ബിരുദം ഉറപ്പാക്കാനാകുമെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. Read on deshabhimani.com

Related News