റെയില്‍വേയില്‍ വന്‍ അഴിമതി ; കരാറിന് അമേരിക്കൻ കമ്പനിയുടെ കോഴ ; നടപടിയെടുക്കാതെ കേന്ദ്രസർക്കാർ



ന്യൂഡൽഹി റെയിൽവേ ഉദ്യോഗസ്ഥർ അമേരിക്കൻ കമ്പനിയിൽനിന്ന്‌ കോഴവാങ്ങിയത്‌ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ (എസ്‌ഇസി) കണ്ടെത്തി അറിയിച്ചിട്ടും നടപടിയെടുക്കാതെ കേന്ദ്രസർക്കാർ. സോഫ്‌റ്റ്‌വെയർ ഭീമന്മാരായ ഒറാക്കിളിന്റെ  ഇന്ത്യയിലെ അനുബന്ധ സ്ഥാപനം റെയിൽവേക്കു കീഴിലുള്ള പൊതുമേഖലാ ഗതാഗത സ്ഥാപന ഉദ്യോഗസ്ഥർക്ക്‌ 3.27 കോടി കൈക്കൂലി നൽകിയെന്നാണ്‌ എസ്‌ഇസി കണ്ടെത്തിയത്‌. കരാർ നൽകുന്നതിനാണ്‌ കൈക്കൂലി നൽകിയത്‌. തുർക്കി, യുഎഇ എന്നിവിടങ്ങളിലും സമാനമായി സ്ഥാപനം കൈക്കൂലി നൽകിയിട്ടുണ്ട്‌. ക്രമക്കേടിൽ 23 മില്യൺ ഡോളർ ഒറാക്കിളിന്‌ പിഴയും വിധിച്ചിരുന്നത്‌. എന്നാൽ, കേന്ദ്ര സർക്കാരോ ഏജൻസികളോ എസ്‌ഇസിയോട്‌ വിവരം തേടുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്‌തിട്ടില്ലെന്ന്‌ ദി വയർ റിപ്പോർട്ട്‌ ചെയ്‌തു. ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന അനുബന്ധ സ്ഥാപനത്തെ മുൻനിർത്തി  2016–-19 കാലത്താണ്‌ കൈക്കൂലി നൽകിയത്‌. ഇതിനായി നിയമവിരുദ്ധ ഫണ്ടും രൂപീകരിച്ചു. രേഖകളുടെ അഭാവത്തിലും കരാറുമായി മുന്നോട്ടുപോകാൻ ഫ്രാൻസിലെ കമ്പനിയുടെ ഉയർന്ന പ്രതിനിധി അനുമതി നൽകിയിരുന്നു. റെയിൽവേ ഉപകമ്പനിക്ക്‌ ഇടപാടിന്റെ 70 ശതമാനം വിലക്കിഴിവ്‌ നൽകാൻ മാതൃകമ്പനിയിൽനിന്ന്‌ അനുമതി നേടിയശേഷം മുഴുവൻ തുകയും ഈടാക്കിയതായി കണ്ടെത്തി. കടുത്ത മത്സരമാണെന്നും വിലക്കിഴവ്‌ നൽകിയില്ലെങ്കിൽ ഇടപാട്‌ നഷ്‌ടപ്പെടുമെന്നുമുള്ള ഒറാക്കിളിന്റെ വാദം വ്യാജമാണെന്നും തെളിഞ്ഞു. റെയിൽവേ ഉപകമ്പനിക്ക്‌ ഒറാക്കിൾ ഉൽപ്പന്നം മാത്രമേ വാങ്ങാൻ അനുവാദമുള്ളൂ എന്നിരിക്കെയാണ്‌ ഈ നീക്കമുണ്ടായത്‌. റെയിൽവേ ഉദ്യോഗസ്ഥന്‌ 53 ലക്ഷം നൽകിയതിന്റെ ഡിജിറ്റൽ രേഖയും ഇടപാടിന്റെ ഭാഗമായിരുന്ന ഒറാക്കിൾ പ്രതിനിധിയിൽനിന്ന്‌ കണ്ടെത്തിയിരുന്നു. മറ്റൊരു പ്രമുഖ കമ്പനി വഴിയായിരുന്നു 2.71 കോടിയുടെ കൈക്കൂലി ഇടപാട്‌ നടന്നത്‌.  ഇടപാടിന്റെ ഭാഗമായ ഒറാക്കിൾ ജീവനക്കാർക്ക്‌ 50 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്‌. പത്തുവർഷത്തിനിടെ രണ്ടാംതവണയാണ്‌ ക്രമക്കേടിൽ ഒറാക്കിൾ കുടുങ്ങുന്നത്‌. Read on deshabhimani.com

Related News